ആലപ്പുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി (72 ) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായി സേവനമനുഷ്‌ഠിച്ചിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.
2021ൽ യുഡിഎഫിന്‍റെ സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചിരുന്നു. ആദ്യകാല കമ്മ്യൂണിസ്‌റ്റ് നേതാവും നാളികേര വികസന കോർപ്പറേഷൻ ചെയർമാനുമായിരുന്ന ടികെ വര്‍ഗീസ് വൈദ്യന്‍റെ മകനാണ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി. തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി സഹോദരനാണ്. ലാൽ വർഗീസ് കൽപ്പകവാടിയുടെ സംസ്‌കാരം നാളെ (ഒക്‌ടോബർ 22) വൈകിട്ട് നാല് മണിക്ക് നടക്കും.
ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ഹോർട്ടി കോർപ് ചെയർമാനായിരുന്നു. കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ലാൽ വർഗീസ് കല്‍പ്പകവാടി കര്‍ഷക കോണ്‍ഗ്രസിന്‍റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2016ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യകാല കമ്മ്യൂണിസ്‌റ്റ് നേതാവ് വർഗീസ് വൈദ്യൻ്റെ പുത്രൻ വിദ്യാഭ്യാസകാലം മുതലെ പിതാവിൻ്റെ രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്ഥമായി കോൺഗ്രസ് ചിന്താഗതിയിലേക്ക് മാറി ചിന്തിച്ചിരുന്നു. ഇന്ദിരാഗാന്ധിയോടും കെ കരുണാകരനോടുമുള്ള ആരാധനയും ബന്ധവുമാണ് ലാൽ വർഗീസ് കൽപ്പകവാടിയെ ഒരു കറകളഞ്ഞ കോൺഗ്രസുകാരനാക്കി മാറ്റിയത്.
1980ൽ കോൺഗ്രസിൻ്റെ കർഷക സംഘടനയായ കർഷക കോൺഗ്രസിൻ്റെ സംസ്ഥാന ട്രഷറർ ആയിരുന്നു അദ്ദേഹം. കർഷകരോടും കാർഷിക വൃത്തിയോടും ഉള്ള അമിത താത്പര്യത്താൽ പാർട്ടിയുടെ മറ്റ് തലങ്ങളിലേക്ക് കടക്കാൻ തുനിയാതെ കർഷക കോൺഗ്രസിൽ തന്നെ കഴിഞ്ഞ 45 വർഷമായി ഉറച്ചുനിന്ന് പ്രവർത്തിച്ചു വന്നിരുന്ന വ്യക്തിയാണദ്ദേഹം.
സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ് നീണ്ട 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിൽ കർഷകർക്ക് വേണ്ടി പോരാട്ടം നടത്തി. ദേശീയതലത്തിൽ കോൺഗ്രസിൻ്റെ കർഷക സംഘടന രൂപികരിക്കുന്നതിനായി അദ്ദേഹത്തെ 2016ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓഡിനേറ്റർ ആയി എഐസിസി നിയമിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായി 5 വർഷം പ്രവർത്തിച്ചിരുന്നു. 2021ൽ യുഡിഎഫ് സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിക്കുകയുണ്ടായി. നിലവിൽ കേരള കർഷക ക്ഷേമനിധി ബോർഡിലെ ഏക പ്രതിപക്ഷ അംഗമായി പ്രവർത്തിച്ച് വരവേയാണ് അദ്ദേഹത്തെ കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡൻ്റായി എഐസിസി തെരഞ്ഞെടുത്തത്.
Also Read: മുതിർന്ന സിപിഎം നേതാവ് കെജെ ജേക്കബ് അന്തരിച്ചു; സംസ്‌കാരം നാളെ