പാലക്കാട്: ചിറ്റൂർ മേഖലയിലെ സിപിഎമ്മിലെ പ്രശ്‌നങ്ങൾ പൊട്ടിത്തെറിയിലേക്ക്. അടിമ കമ്യൂണിസ്റ്റുകളായി പ്രവർത്തിക്കാനാവില്ലെന്ന് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം ചിറ്റൂർ ഏരിയ കമ്മിറ്റി അംഗവും വിമത നേതാവുമായ സതീഷ്. പാർട്ടി നടപടികളെ ഭയക്കുന്നില്ലെന്നും കമ്യൂണിസ്റ്റ് മൂല്യങ്ങൾ നിലനിർത്തുന്നതിന് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ചിറ്റൂർ ഏരിയ സമ്മേളനം നാളെ (നവംബര്‍ 5) നടക്കാനിരിക്കെയാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വിമത നേതാവായ സതീഷ് രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു സ്വന്തം ഇഷ്‌ടക്കാരെ പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ തിരുകിക്കയറ്റാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ കുറച്ച് കാലമായി ഏരിയ കമ്മിറ്റി യോഗങ്ങൾ അറിയിക്കാറില്ല. അവിടെ എന്ത് നടക്കുന്നുവെന്നും അറിയില്ല.
നേതൃത്വത്തിൻ്റെ ഏകാധിപത്യ പ്രവണതയെ എതിർക്കുന്നവർ കൊഴിഞ്ഞാമ്പാറയിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും പ്രവർത്തനം വ്യാപകമാക്കും. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടാൽ ആ സമയത്ത് നിലപാട് വ്യക്തമാക്കും. കോൺഗ്രസ് വിട്ടു വന്നയുടന്‍ തന്നെ അരുൺ പ്രസാദിന് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനം നൽകിയതാണ് ചിറ്റൂരിലെ സിപിഎമ്മിലെ പ്രശ്‌നങ്ങൾ വളർത്തി വലുതാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഏരിയ കമ്മിറ്റി അംഗങ്ങൾ എതിർത്തിട്ടും ഫലമുണ്ടായില്ല. ജില്ല സെക്രട്ടറിയുടെ തീരുമാനത്തെ വിമർശിച്ചതോടെ തങ്ങൾ വിമതരായി. പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതിയിൽ നടപടിയുണ്ടായിട്ടില്ല. കൊഴിഞ്ഞാമ്പാറയിലെ 13 ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാർ തങ്ങൾക്കൊപ്പമാണെന്ന് സതീഷ് പറഞ്ഞു.
സതീഷും ശാന്തകുമാറും നേതൃത്വം കൊടുത്ത വിമത കൺവെൻഷനിലെ പ്രവർത്തക പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. വിമത നീക്കം ശക്തമാക്കിയതോടെ സതീഷിനെയും കൂടെ നിക്കുന്നവരെയും പാർട്ടി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഒഴിവാക്കി. വഴങ്ങില്ലെന്ന സൂചനയാണ് വിമതർ ഇതിലൂടെ നൽകുന്നതെന്നും സതീഷ് പറഞ്ഞു.
Also Read: സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍