തിരുവനന്തപുരം: തലസ്ഥാനത്തെ തീരമേഖലകളിൽ ശക്തമായ കടൽക്ഷോഭം. പൂവാർ മുതൽ പൂന്തുറ വരെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ കടൽക്ഷോഭമുണ്ടായത്. കരുംകുളം പഞ്ചായത്ത് പ്രദേശത്തുണ്ടായ കടൽക്ഷോഭത്തിൽ വീടുകളിലും വെള്ളം കയറി.
ഉച്ചയ്ക്ക് രണ്ടുമണി മുതലായിരുന്നു തലസ്ഥാനത്തെ തീര മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാകാൻ തുടങ്ങിയത്. കരയോട് ചേർന്ന് അടുപ്പിച്ചിട്ടിരുന്നതും തീരത്തേക്കും കയറ്റിയിട്ടിരുന്നതുമായ പല വള്ളങ്ങൾക്കും ശക്തമായ കടൽക്ഷോഭത്തിൽ കേടുപാടുകൾ പറ്റിയിട്ടുണ്ട്. പൊഴിയൂർ, കൊല്ലങ്കോട് പ്രദേശങ്ങളിൽ റോഡിലേക്കും വെള്ളം കയറി.
കരുംകുളം ഭാഗത്തെയാണ് കടൽക്ഷോഭം രൂക്ഷമായി ബാധിച്ചത്. ഇന്നലെ മുതൽ തന്നെ തീരമേഖലയിൽ കടൽക്ഷോഭം ശക്തമായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ കടൽ ഉൾവലിഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഉച്ചയ്ക്ക് 2 മണിക്ക് വീണ്ടും ശക്തിയായ കടൽക്ഷോഭമുണ്ടായത്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ കടൽക്ഷോഭ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കടൽ പ്രക്ഷുബ്‌ധമായതിൽ പ്രദേശവാസികൾ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്. നിലവിൽ മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Also Read: പുറക്കാട് തീരത്ത് കടൽ ഉൾവലിഞ്ഞു: വള്ളങ്ങൾ ചെളിയിൽ താഴ്ന്നു... കടല്‍ ഉൾവലിഞ്ഞത് രണ്ട് കിലോമീറ്ററോളം