തിരുവനന്തപുരം: വെയില്‍ മാറി മഴയെത്തിയാല്‍ പിന്നെ സ്‌കൂള്‍ കാലമാണ്. ഇത്തവണ മഴ അല്പം നേരത്തെയാണ്. രണ്ടു മാസമായി ആളും അനക്കവുമില്ലാതെ കിടന്ന സ്‌കൂളുകള്‍ സജീവമാകാന്‍ ഇനി ഒരാഴ്‌ചയില്ല. ജൂണ്‍ 3 ന് നടക്കുന്ന പ്രവേശനോത്സവത്തിന് ഒരു കുറവും വരാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് തിരുവനന്തപുരം കോട്ടണ്‍ ഹില്‍ എല്‍ പി എസിലെ അധ്യാപകര്‍.
പുതിയ പാഠപുസ്‌തകങ്ങള്‍ ഒരുക്കിയും ക്ലാസ് മുറികളില്‍ പുസ്‌തകങ്ങളിലെ തന്നെ ചിത്രങ്ങള്‍ വരച്ചും സ്‌കൂള്‍ തുറപ്പിന് ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ എല്ലാവരും സ്‌കൂളില്‍ ഹാജര്‍. പുറത്ത് അഡ്‌മിഷന്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഹെഡ്‌മാസ്റ്ററുടെ മുറിയില്‍ ഗസ്‌റ്റ് അധ്യാപക തസ്‌തികയിലേക്കുള്ള അഭിമുഖ പരീക്ഷ തുടരുകയാണ്.
സ്‌കൂളിന് ചുറ്റുമുള്ള ഭീഷണിയായ മരങ്ങളുടെ ചില്ലകൾ വെട്ടിയൊതുക്കാൻ പ്രതികൂല കാലാവസ്ഥയെയും മറികടന്നു നഗരസഭ ശുചീകരണ തൊഴിലാളികളും പുലർച്ചെ മുതൽ സജീവം. എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂണ്‍ 3 ന് രാവിലെ 9:30 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന തലതില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്.
സംസ്ഥാനത്ത് 6823 എൽ പി സ്‌കൂളുകളിലാണ് ഇത്തവണ പ്രവേശനോത്സവം. ഇതിൽ 2597 സ്‌കൂളുകൾ സർക്കാർ എൽ പി എസുകളാണ്. എയ്‌ഡഡ് മേഖലയിൽ 3903 എൽ പി സ്‌കൂളുകളും അൺ എയിഡഡ് മേഖലയിൽ 323 എൽ പി സ്‌കൂളുകളുമാണുള്ളത്. എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ്, വി എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലായി സർക്കാർ മേഖലയിൽ 5777 സ്‌കൂളുകളും എയിഡഡ് മേഖലയിൽ 8182 സ്‌കൂളുകളും അൺ എയിഡഡ് മേഖലയിൽ 1455 സ്‌കൂളുകളുമാണുള്ളത്.