കവരത്തി: ലക്ഷദ്വീപിലെ പണ്ടാരഭൂമി പ്രശ്‌നം പഠിക്കാന്‍ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ തെളിവെടുപ്പിനായി എത്തിയേക്കും. ഡല്‍ഹിയില്‍ നിന്നും അടുത്ത മാസം കമ്മീഷന്‍ സംഘം എത്തിച്ചേരുമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഭൂമി പ്രശ്‌നത്തില്‍ ജനങ്ങളും ഭരണകൂടവും തമ്മില്‍ കടുത്ത ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് പട്ടിക വർഗ കമ്മീഷന്‍ തെളിവെടുപ്പിനായി എത്തുമെന്ന സൂചനകൾ ലഭിക്കുന്നത്.
പണ്ടാരഭൂമി പ്രശ്നം
40 വർഷക്കാലത്തിലേറെയായി പ്രദേശവാസികൾ സ്വന്തമായി ഉപയോഗിച്ച് വരുന്ന ഭൂമിയിൽ ഉത്തരവുകളൊന്നുമില്ലാതെ സർക്കാർ പണ്ടാരഭൂമി സർവേ ആരംഭിച്ചതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ദ്വീപ് സര്‍ക്കാറിന്‍റേതാണെന്ന നിലപാടിലാണ് വിനോദസഞ്ചാര പദ്ധതികള്‍ക്കായി സര്‍വ്വേ ആരംഭിച്ചത്. ദ്വീപിലെ ആകെയുളള ഭൂമിയില്‍ 50 ശതമാനം സര്‍ക്കാര്‍ ഭൂമി കഴിച്ചാല്‍ ശേഷിക്കുന്നത് പണ്ടാര ഭൂമിയാണ്. പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് വിദേശ ആക്രമണത്തില്‍ നിന്നും തദ്ദേശീയരെ രക്ഷിക്കാന്‍ അന്ന് ദ്വീപിന്‍റെ ഭരണാധികാരിയായ കണ്ണൂര്‍ അറക്കല്‍ രാജവംശം ഈ ഭൂമി അവരുടെ പേരിലേക്ക് മാറ്റിയിരുന്നു. പിന്നീട് ബ്രിട്ടീഷ് ഭരണകാലത്താണ് ദ്വീപ് നിവാസികള്‍ക്ക് ഈ ഭൂമിയുടെ കൈവശാവകാശം നൽകുന്നത്. എന്നാൽ 1965 ലെ ലക്ഷ്വദ്വീപ്, മിനിക്കോയി, അമീനി, ദ്വീപ് ലാന്‍റ് റവന്യൂ ആന്‍റ് ടെനന്‍സി റെഗുലേഷന്‍ ആക്‌ട് പ്രകാരം ഈ ഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്‌തമാണെന്നാണ് ലക്ഷദ്വീപ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ 1884 ലെ ഉടമ്പടി പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നാണ് ദ്വീപ് നിവാസികളുടെ വാദം. തീരദേശ നിയന്ത്രണ മേഖലയിലെ വ്യവസ്ഥകള്‍ അട്ടിമറിച്ച് ടൂറിസം വികസനത്തിന് വേണ്ടിയുള്ള സർക്കാർ നീക്കം അംഗീകരിക്കാനാവില്ലെന്നും ഇവർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള മുഴുവന്‍ നടപടി ക്രമങ്ങളും മൂന്ന് മാസത്തേക്ക് സ്‌റ്റേ ചെയ്‌ത് കേരള ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഈ കാലയളവിനുള്ളിൽ പഠന റിപ്പോർട്ട് തയാറാക്കാൻ ലക്ഷ്യമിട്ടായിരിക്കും പട്ടിക വര്‍ഗ്ഗ കമ്മീഷന്‍റെ സന്ദർശനം എന്നാണ് കരുതുന്നത്.
ലക്ഷദ്വീപിലെ ടൂറിസം സാധ്യത
ലക്ഷദ്വീപിൽ ആകെയുള്ള 27 ദ്വീപുകളില്‍ പത്തെണ്ണത്തില്‍ മാത്രമേ ജനവാസമുള്ളൂ. ശേഷിക്കുന്ന 17 ദ്വീപുകളില്‍ 14 ദ്വീപുകളിലും വിസ്‌തീർണക്കുറവ് കാരണം ടൂറിസം സാധ്യത തീരെയില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. അതേസമയം കുറഞ്ഞ ചിലവില്‍ മികച്ച പദ്ധതികള്‍ കൊണ്ട് വരാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ പറയുന്നു. നിരവധി തൊഴിലവസരങ്ങളും സർക്കാർ ഉറപ്പുനല്‌കുന്നുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുളള പ്രവേഗാണ് ഇവിടെ ടൂറിസം സംരംഭകരായി എത്തുന്നത്.
120 ഏക്കര്‍ വിസ്‌തീർണമുള്ള ബംഗാരം ദ്വീപില്‍ ടൂറിസം പദ്ധതി പ്രവർത്തികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബീച്ച് കോട്ടേജുകളുടെയും മറ്റു കെട്ടിടങ്ങളുടെയും നിർമാണം പൂർത്തിയായി. പവിഴപ്പുറ്റുകള്‍, ലഗൂണുകള്‍ തുടങ്ങിയവയാണ് ദ്വീപിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ. എന്നാല്‍ ജനവാസം ഏറെയുള്ള മറ്റ് ദ്വീപുകളിലേക്കും പദ്ധതി വ്യാപിക്കാനുള്ള ശ്രമം ആണ് കടുത്ത പ്രതിഷേധങ്ങളിലേക്ക് വഴിവെച്ചത്. സർക്കാർ പരിസ്ഥിതി സൗഹൃദ ടൂറിസം വാഗ്‌ദാനം ചെയ്യുമ്പോഴും തങ്ങളുടെ സ്വൈര്യജീവിതത്തെ പദ്ധതി ബാധിക്കുമോ എന്ന ആശങ്ക നാട്ടുകാർക്കിടയിൽ നിലനിൽക്കുന്നുണ്ട്.