തിരുവനന്തപുരം: ഓഗസ്‌റ്റ് 31 ന് ഡോ.വി വേണു വിരമിക്കുന്ന ഒഴിവിലേക്ക് ചീഫ് സെക്രട്ടറിയായി അദ്ദേഹത്തിന്‍റെ ഭാര്യയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ പ്ലാനിങ് ആന്‍റ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരൻ. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തെ വനിതകളുടെ ഉപജീവന ശാക്തീകരണത്തിനുള്ള പ്രധാന സംഘടനയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥയാണ് ശാരദ മുരളീധരന്‍. കുടുംബശ്രീ മിഷന്‍ ഡയറക്‌ടര്‍ എന്ന നിലയില്‍ ഏകദേശം 44 ലക്ഷം വനിതകളെ മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് ഇക്കാലയളവിലാണ്.
വനിതകളെ കൃഷി ഉള്‍പ്പെടെയുള്ള സ്വയം തൊഴില്‍ സംരംഭങ്ങളിലേക്ക് കൊണ്ട് വരുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതും ശാരദ മിഷന്‍ ഡയറക്‌ടറായിരിക്കേയാണ്. വനിതാ സുരക്ഷാ പദ്ധതിയായ നിര്‍ഭയ പദ്ധതിക്ക് പിന്നിലും കൊവിഡ് കാലഘട്ടത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്നതിലും കമ്മ്യൂണിറ്റി കിച്ചണ്‍ എന്ന ആശയത്തിനു പിന്നിലും ശാരദ മുരളീധരനാണ്.
1990 -ല്‍ പാലക്കാട് അസിസ്‌റ്റന്‍റ് കലക്‌ടറായി ശാരദ മുരളീധരൻ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു. തിരുവനന്തപുരം ജില്ലാ കലക്‌ടര്‍, കുടുംബശ്രീ മിഷന്‍ ഡയറക്‌ടര്‍, തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി, നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡയറക്‌ടര്‍ ജനറല്‍ തുടങ്ങിയ സുപ്രധാന പദവികളും അവർ വഹിച്ചിട്ടുണ്ട്.
കേരളത്തിന്‍റെ അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറി: 2017 ഏപ്രില്‍ മുതല്‍ അതേ വര്‍ഷം ഓഗസ്‌റ്റ് 31 വരെ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ വിരമിച്ച് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു വനിത ചീഫ് സെക്രട്ടറിയായെത്തുന്നത്. കേരളത്തിന്‍റെ 50-ാമത്തെ ചീഫ് സെക്രട്ടറി കൂടിയാണ് ശാരദ മുരളീധരൻ. 1990 നവംബര്‍ മുതല്‍ 1991 ജൂലൈ വരെ ചീഫ് സെക്രട്ടറിയായിരുന്ന പത്മാ രാമചന്ദ്രനാണ് കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി.
മറ്റ് വനിതാ ചീഫ് സെക്രട്ടറിമാര്‍:
- ലിസി ജേക്കബ് (2006 ഒക്ടോബര്‍ 31 മുതല്‍ 2007 നവംബര്‍ 13 വരെ)
- നീലാ ഗംഗാധരന്‍ (2008 മെയ് 31 മുതല്‍ 2010 ഏപ്രില്‍ 22 വരെ)
- നളിനി നെറ്റോ (2017 ഏപ്രില്‍ 1 മുതല്‍ ഓഗസ്‌റ്റ് 31 വരെ)
വി രാമചന്ദ്രന്‍-പത്മാ രാമചന്ദ്രന്‍, ബാബു ജേക്കബ്-ലിസി ജേക്കബ് എന്നീ ദമ്പതിമാര്‍ക്ക് ശേഷം ഭാര്യയും ഭര്‍ത്താവും ചീഫ് സെക്രട്ടറിമാരാകുന്നു എന്ന പ്രത്യേകതയും സ്ഥാനമൊഴിയുന്ന ഡോ.വി വേണുവിനും ഭാര്യ ശാരദാ മുരളീധരനുമുണ്ട്.
ഭര്‍ത്താവ് വിരമിച്ച ഒഴിവില്‍ ഭാര്യ ചീഫ് സെക്രട്ടറിയാകുന്നു എന്ന പ്രത്യേകതയും അവർക്കുണ്ട്. ശാരദ മുരളീധരന് അടുത്ത വര്‍ഷം ഏപ്രില്‍ 17 വരെ സര്‍വീസുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് അവർ.