തിരുവനന്തപുരം: പാലക്കാട്ടെ എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍. ഫേസ്‌ബുക്ക് പോസ്‌റ്റിലാണ് കൃഷ്‌ണകുമാറിനെതിരെ സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്. യുവമോർച്ച കാലം മുതൽക്ക് ഒരുമിച്ച് പ്രവർത്തിച്ചവരാണെന്ന കൃഷ്‌ണകുമാറിന്‍റെ വാദം തള്ളിയ സന്ദീപ് വാര്യര്‍ അമ്മ മരിച്ചപ്പോഴെങ്കിലും അദ്ദേഹം തിരിഞ്ഞുനോക്കിയില്ലെന്നും വ്യക്തമാക്കി. പാലക്കാട്ടേക്ക് ഇനി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇല്ലെന്നും അദ്ദേഹം കുറിച്ചു.
കൃഷ്‌ണകുമാർ ഇന്നലെ ചാനലിൽ പറയുന്നത് കേട്ടു താനും സന്ദീപും യുവമോർച്ച കാലം മുതൽക്ക് ഒരുമിച്ച് പ്രവർത്തിച്ചതാണെന്ന്. നമ്മൾ ഒരിക്കലും യുവമോർച്ചയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും ഏട്ടൻ എപ്പോഴെങ്കിലും തന്‍റെ വീട് കണ്ടിട്ടുണ്ടോ എന്നും സന്ദീപ് ചോദിച്ചു. 'എന്‍റെ അമ്മ രണ്ടുവർഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ, അന്ന് ഞാൻ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോൾ പ്രകാരം വേദിയിൽ ഇരിക്കേണ്ട ആൾ. എന്‍റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങൾക്ക് കാര്യാലയം നിർമിക്കാൻ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയിൽ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നൽകിയ ഒരു അമ്മ, മരിച്ചുകിടന്നപ്പോൾ പോലും ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായ നിങ്ങൾ വന്നില്ല.
ഇന്ന് നിങ്ങളുടെ എതിർ സ്ഥാനാർഥിയായ ഡോക്‌ടര്‍ സരിൻ എന്‍റെ വീട്ടിൽ ഓടി വന്നിരുന്നു. ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആർഎം ഷഫീർ, വിടി ബൽറാം, മുകേഷ് എംഎൽഎ തുടങ്ങി എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങൾ അർപ്പിച്ചപ്പോൾ ഒരു ഫോൺ കോളിൽ പോലും എന്നെയോ എന്‍റെ അച്ഛനെയോ നിങ്ങൾ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാൻ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എന്‍റെ അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങൾ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതൽ സ്നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ,' എന്ന് സന്ദീപ് വാര്യര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം കുറിച്ചു.
ബിജെപി വിടില്ലെന്ന് സന്ദീപ് വാര്യര്‍
കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ധത്തിലാണെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധർമ്മം. നിർവ്വഹിക്കട്ടെ. ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. സ്നേഹിക്കുന്നവരുടെ വികാരങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു മുന്നിൽ ഞാൻ നമസ്‌കരിക്കുകയാണ്. പുറത്തുവന്ന വാർത്തകൾ പലതും വാസ്‌തവ വിരുദ്ധവും അർധസത്യങ്ങളുമാണ്.
കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയിൽ ഒരു സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപോകുന്നവനല്ല താനെന്ന് തന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവർത്തകൻ മാത്രമാണ് താനെന്നും അദ്ദേഹം കുറിച്ചു.
Read Also: മുനമ്പം തര്‍ക്കത്തില്‍ സര്‍വകക്ഷി യോഗം വേണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്