കോട്ടയം : ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച സജി മഞ്ഞക്കടമ്പിൽ എന്‍ഡിഎയിലേക്ക്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയ്ക്ക് പിന്തുണ പ്രഖ്യാപിക്കും. സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോൺഗ്രസ് പാര്‍ട്ടി രൂപീകരിക്കും. സജി അനുകൂലികളുടെ നേതൃത്വത്തിൽ പാർട്ടി രൂപീകരണ യോഗം കോട്ടയത്ത് ചേര്‍ന്നു.
'പൂർണമായും അംഗീകരിക്കാനാവാത്തതുകൊണ്ടാണ് ബിജെപി ആവാത്തത്. ഘടകകക്ഷി ആകുന്നതും അതുകൊണ്ടാണ്. എൻഡിഎ ഘടകകക്ഷി ആയി നിൽക്കാനാണ് തീരുമാനം. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. റബ്ബർ വില 250 ആക്കും എന്ന് പറഞ്ഞ തുഷാറിന് പിന്തുണ പിന്തുണ നല്‍കുമെന്നും' സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
സജി മഞ്ഞക്കടമ്പിൽ തന്നെയാകും പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍. യുഡിഎഫ് നേതാക്കളുമായി അഭിപ്രായ ഭിന്നത ഇല്ലെന്ന് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. 'പിജെ ജോസഫിന്‍റെ അഭിപ്രായം കേട്ട് അത് കേന്ദ്ര സർക്കാരിലൂടെ നടപ്പാക്കാന്‍ ശ്രമിക്കും. മാലിന്യ മുക്ത കേരളം എന്ന പിജെ ജോസഫിന്‍റെ സ്വപ്‌നം സഫലമാക്കും.
കെഎം മാണിയുടെയും സിഎഫ് തോമസിന്‍റെയും പാത പിന്തുടരും. വന്യ ജീവി നിയമം തിരുത്തിക്കാൻ ശ്രമിക്കും. പിജെ ജോസഫിന്‍റെ വിമാന വിവാദം ആര് ഉണ്ടാക്കി എന്ന് ജനം പരിശോധിക്കട്ടെയെന്നും സജി മഞ്ഞക്കടമ്പില്‍ കൂട്ടിച്ചേര്‍ത്തു. യോഗസ്ഥലത്ത് ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും എത്തിച്ചേര്‍ന്നിരുന്നു.
യുഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്നും ഭാവി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു സജി മഞ്ഞക്കടമ്പില്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. മോൻസ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാൽ ദുരന്തമാകും ഫലം. തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ശക്തവുമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ല ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ല പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചത്. രാജിയില്‍ കോണ്‍ഗ്രസ് കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തിരിച്ചുകൊണ്ടുവരാനുള്ള നീക്കവും നടന്നില്ല. കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് അനുകൂലമായി പ്രതികരിക്കാൻ തയാറാകാതിരുന്നതാണ് പ്രശ്‌നം.
ALSO READ: പൊളിറ്റിക്കൽ ക്യാപ്‌റ്റന്‍റെ രാജി യുഡിഫിന്‍റെ പതനം; സജിയെ പുകഴ്ത്തി ജോസ് കെ മാണി
സജിക്ക് പകരം യുഡിഎഫ് ജില്ല ചെയർമാനായി മുതിർന്ന നേതാവ് ഇ ജെ അഗസ്‌തിയെ നിയമിക്കാൻ പിജെ ജോസഫ് തീരുമാനിച്ചിരുന്നു. മികച്ച സംഘാടകൻ ആണെന്നും പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് പുറത്തുവന്നതെന്നും സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തെത്തുകയും ചെയ്‌തു. സജിയുടെ രാജി വഞ്ചനാപരമെന്ന് മോൻസ് ജോസഫ് പ്രതികരിച്ചിരുന്നു. സജി ചെയ്‌തത് യൂദാസിന്‍റെ പണിയാണെന്നും പിന്നില്‍ തന്‍റെ എതിരാളികളാണെന്നും മോന്‍സ് ജോസഫ് തിരിച്ചടിച്ചിരുന്നു.