പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നിർദ്ദിഷ്‌ട അരവണ ടിൻ നിർമാണ ഫാക്‌ടറി നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനം. തെള്ളിയൂരിൽ സ്ഥാപിക്കാൻ നേരത്തെ എടുത്ത തീരുമാനം മാറ്റിയാണ് ഇപ്പോൾ നിലയ്ക്കലിൽ നിർമിക്കാൻ തീരുമാനമെടുത്തത്.
ടിന്നുകൾ കഴിവതും വേഗം സന്നിധാനത്ത് എത്തിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് ടിൻ ഫാക്‌ടറി നിലയ്ക്കലിൽ തന്നെ മതിയെന്ന നിലപാടിൽ എത്തിയത്. നിലയ്ക്കലിലെ ഗോശാലയ്ക്കും പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപവുമായിട്ടാണ് ഫാക്‌ടറി നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
ഇതിൻ്റെ ഭാഗമായി പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപം 3 ഷെഡുകൾ തുടക്കത്തിൽ സ്ഥാപിക്കുമെന്നും ബിഒടി വ്യവസ്ഥയിൽ നിർമിക്കാനുമാണ് പ്രാഥമിക തീരുമാനം. ഇതിൻ്റെ താൽപര്യപത്രം ഉടൻ ക്ഷണിച്ചു തുടങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും പ്രസാദ വിതരണത്തിനാവശ്യമായ ടിന്നുകൾ ഇവിടെ ഉൽപ്പാദിപ്പിക്കാനും ബോർഡിന് പദ്ധതിയുണ്ട്. ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്ത് ഒന്നരക്കോടി അരവണടിന്നുകളാണ് ആവശ്യമായി വരുന്നത്.
ടിന്നുകൾ സന്നിധാനത്ത് എത്തിക്കുന്ന ചുമതല ഇപ്പോൾ കരാറുകാർക്കാണ് നൽകി വരുന്നത്. കഴിഞ്ഞ സീസണിൽ ഇതിൽ ഒരു കരാറുകാരൻ ടിന്നുകൾ എത്തിക്കുന്നതിൽ കാലതാമസം വരുത്തിയത് അരവണ വിതരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.