എറണാകുളം: മഹത് വ്യക്തികളുടെ പോട്രൈറ്റുകൾ റൂബിക്‌സ് ക്യൂബുകൾ കൊണ്ട് തയ്യാറാക്കി ശ്രദ്ധേയരാവുകയാണ് കൊച്ചിയിലെ വിദ്യാർഥികളായ സഹോദരങ്ങൾ. ആമ്പല്ലൂർ സ്വദേശികളായ അഞ്ചാം ക്ലാസുകാരൻ അഭിനവ് കൃഷ്‌ണയും , യുകെജി വിദ്യാർത്ഥി അദ്വൈത് കൃഷ്‌ണയുമാണ് റൂബിക്‌സ് ക്യൂബിൽ വിസ്‌മയങ്ങൾ സൃഷ്ട്ടിക്കുന്നത്(Rubik's cube portraits made by two brothers in Ernakulam). റെക്കോർഡ് വേഗത്തിൽ റൂബികസ് ക്യൂബ് സോൾവ് ചെയ്‌ത് ഗിന്നസ് റെക്കോർഡ് നേടുകയെന്നതും ഇരുവരുടെയും ലക്ഷ്യമാണ്.
മഹാത്മാഗാന്ധിയുടെ എഴുപത്തിയാറാം രക്തസാക്ഷിത്വ ദിനത്തിൽ രാഷ്ട്ര പിതാവിന് ആദരവ് അർപ്പിച്ച് റൂബിക്‌സ് ക്യൂബ് ഉപയോഗിച്ച് ഗാന്ധിജിയുടെ പോട്രൈറ്റ് ഇവർ തയ്യാറാക്കിയിരുന്നു. മുന്നൂറ് റൂബിക്‌സ് ക്യൂബുകളാണ് ഇതിനായി ഉപയോഗിച്ചത്. അര മണിക്കൂർ സമയത്തിനുള്ളിലാണ് ഇരുവരും ചേർന്ന് മഹാത്മ ഗാന്ധിയുടെ ചിത്രം റൂബിക്‌സ് ക്യൂബ് ഉപയോഗിച്ച് നിർമ്മിച്ചത്.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ് കൃഷ്‌ണ കഴിഞ്ഞ അഞ്ച് വർഷമായി റുബിക്‌സ് ക്യൂബിൽ പരീശീലനം നടത്തിവരികയാണ്. രണ്ട് വർഷത്തോളമായി സഹോദരനായ യു കെ ജി വിദ്യാർത്ഥി അദ്വൈത് കൃഷ്‌ണയും റൂബിക്‌സ് ക്യൂബിൽ പരിശീലനം നടത്തുന്നു. ഇതിനകം ദേശീയ തലത്തിൽ ഉൾപ്പടെ റൂബിക്‌സ് ക്യൂബ് മത്സരങ്ങളിൽ പങ്കെടുത്ത് ഇരുവരും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
എന്നാൽ രാഷ്ട്ര പിതാവിൻ്റെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിജിയുടെ ചിത്രം നിർമ്മിച്ച് അനുസ്‌മരിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ഇരുവരും. അമ്മ ഇന്ദുവാണ് കുട്ടികളെ പരിശീലനം നൽകി റൂബിക്‌സ് ക്യൂബിൻ്റെ മേഖലയിലെത്തിച്ചത്. റൂബിക്‌സ് ക്യൂബ് ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങളാണ് അഭിനവും അദ്വൈതും നടത്തുന്നത്.
എല്ലാ രാജ്യങ്ങളുടെയും ദേശീയ പതാകകൾ, അക്കങ്ങൾ, അക്ഷരങ്ങൾ, പഴം പച്ചക്കറികൾ എല്ലാം റൂബിക്‌സ് ക്യൂബിൽ ഇരുവരും ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. യേശു കൃസ്‌തു, ശ്രീനാരായണ ഗുരു, നടൻ മോഹൻലാൽ, ഗായകൻ യേശുദാസ്, മുൻ രാഷ്ട്രപതി എപിജെ അബ്‌ദുൾ കലാം ഉൾപ്പെടെ നിരവധി പ്രമുഖരുടെ പോട്രൈറ്റുകളാണ് റൂബിക്‌സ് ക്യൂബിൽ ഇതിനകം തയ്യാറാക്കിയത്. റൂബിക്‌സ് ക്യൂബ് സോൾവ് ചെയ്യാൻ ഒരു മിനിറ്റിൽ താഴെ സമയമാണ് അഭിനവിന് വേണ്ടത്.
റൂബിക്‌സ് ക്യൂബ് ഏറ്റവും മികച്ച സമയത്തിൽ സോൾവ് ചെയ്‌ത് കൊണ്ട് ഗിന്നസ് റെക്കോർഡ് നേടുകയാണ് ഇരുവരുടെയും ലക്ഷ്യമെന്ന് അമ്മ ഇന്ദു പറയുന്നു. ഭാര്യയും രണ്ട് മക്കളും റൂബിക്‌സ് ക്യൂബിൽ പരീക്ഷണങ്ങൾ തുടരുമ്പോൾ പിന്തുണയുമായി ബിജോയിയും കൂടെയുണ്ട്. മക്കളുടെ റൂബിക്‌സ് ക്യൂബിലെ പരീക്ഷണങ്ങളെ കുറിച്ച് നിരവധിയാളുകളാണ് അന്വേഷിക്കുന്നത്.
പലരും സ്വന്തം പോട്രൈറ്റുകൾ നിർമ്മിച്ച് നൽകാൻ കഴിയുമോയെന്ന് അന്വേഷിക്കുകയാണ്. വീഡിയോ ഗെയിമുകളുടെയും മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെയും അടിമകളായി കുട്ടികൾ മാറുമ്പോൾ തൻ്റെ മക്കൾ റൂബിക്‌സ് ക്യൂബിൽ പരീക്ഷണം നടത്തുന്നത് സന്തോഷം നൽകുന്നതായും ബിജോയി പറഞ്ഞു. ബുദ്ധിവികാസത്തിന് ഏറെ സഹായകമാവുന്ന റൂബിക്‌സ് ക്യൂബുകൾ കുട്ടികളെ പരിചയപ്പെടുത്തണമെന്നാണ് ബിജോയിയുടെ അഭിപ്രായം.
ഒഴിവു സമയങ്ങളിൽ നാലംഗ കുടുംബം ഒരുമിച്ച് റൂബിക്‌സ് ക്യൂബിലെ പരീക്ഷണങ്ങളിൽ മുഴുകുന്നത് ആമ്പല്ലൂർ കവലയിലെ ഈ വീട്ടിലെ പതിവ് കാഴ്‌ചയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പസിൽ ഗെയിമും കളിപ്പാട്ടവുമാണ് റൂബിക്‌സ് ക്യൂബ്. ബുദ്ധി വികാസത്തിന് ഏറെ സഹായകമായ ഈ കളിപ്പാട്ടം 1974ൽ ഹംഗേറിയൻ അദ്ധ്യാപകനായ എർനോ റൂബിക് ആണ് കണ്ടുപിടിച്ചത്. അദ്ദേഹത്തിൻ്റെ പേരിൻ്റെ ആദ്യഭാഗം ചേർത്താണ് റൂബിക്‌സ് ക്യൂബ് എന്ന് ഈ മാജിക് ക്യൂബിന് പേര് ലഭിച്ചത്.