പത്തനംതിട്ട: സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറെന്ന് തെറ്റദ്ധരിപ്പിച്ച് യുവതിയില്‍ നിന്ന് ടാപ്പിങ് തൊഴിലാളി തട്ടിയത് 15 ലക്ഷം രൂപ. സംഭവത്തില്‍ കൊട്ടാരക്കര വാളകം സ്വദേശി ആർ സുരഷ് കുമാർ (49) അറസ്‌റ്റിലായി.
അനൂപ് ജി പിള്ള എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് സുരേഷ് സ്ത്രീകളുമായി പരിചയത്തിലാകുന്നത്. സോഫ്റ്റ്‌വേര്‍ എഞ്ചിനീയറാണെന്നും തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ കമ്പനിയിലാണ് ജോലി എന്നും വിശ്വസിപ്പിച്ചാണ് അടൂർ സ്വദേശിനിയായ പരാതിക്കാരിയെ പ്രതി പരിചയപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തിരുവനന്തപുരം ഭാഗത്ത് വീടിനും വസ്‌തുവിനും വില കുറവാണെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കബളിപ്പിക്കാൻ പ്രതി കളമൊരുക്കിയത്. തിരുവനന്തപുരത്ത് ചെറിയ വിലയിൽ വീടും വസ്‌തുവും വാങ്ങിക്കൊടുക്കാം എന്ന് വാഗ്‌ദാനം ചെയ്‌ത പ്രതി, ചില വീടുകളുടെ ഫോട്ടോയും യുവതിക്ക് അയച്ചു നൽകി.
യുവതിക്ക് താത്പര്യമുള്ള വീടിന് അഡ്വാൻസ് നൽകാനെന്ന പേരിലാണ് പണം ആവശ്യപ്പെട്ടത്. തൻ്റെ അകൗണ്ടിൽ ടാക്‌സ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും വീട്ടിലെ ടാപ്പിങ് തൊഴിലാളിയുടെ അകൗണ്ടിൽ പണം നൽകിയാൽ മതിയെന്നും യുവതിയെ അറിയിച്ചു.
ഇത് വിശ്വസിച്ച യുവതി ആദ്യം ഇരുപത്തി അയ്യായിരം രൂപ അയച്ചു കൊടുത്തു. പിന്നീട് പലപ്പോഴായി യുവതിയിൽ നിന്നും 15 ലക്ഷം രുപ ഇയാൾ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നു.
യുവതി കവടിയാറിലെത്തി അനൂപ് ജി പിള്ള എന്ന ആളെ അന്വേഷിച്ചെങ്കിലും അങ്ങനെ ഒരാള്‍ ഇല്ലെന്ന് ബോധ്യമായി. തുടർന്ന് അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രതി കൂടുതൽ ആളുകളെ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അടൂർ ഡി വൈ എസ് പി, ജി സന്തോഷ് കുമാറിൻ്റെ മേൽനോട്ടത്തിൽ അടുർ എസ് എച്ച് ഒ ശ്യം മുരളി, എസ് ഐമാരായ എ അനീഷ്, കെ എസ് ധന്യ, സുരേഷ് കുമാർ, എ എസ് ഐ രാജേഷ് ചെറിയാൻ, സി പി ഓ രതീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.