തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ നിർദേശം നല്‍കി വിവരാവകാശ കമ്മിഷണർ. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മീഷന്‍റെ റിപ്പോർട്ടാണ് പുറത്ത് വിടാൻ നിർദേശിച്ചിരിക്കുന്നത്. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സലകുമാരി എന്നിവർ അംഗങ്ങളായ കമ്മീഷൻ 2019 ഡിസംബർ ഒന്നിനായിരുന്നു സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ട് സമർപ്പിച്ച് അഞ്ച് വർഷത്തോളമായിട്ടും സർക്കാർ ഇതു പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. പിന്നാലെ നിരവധി പേർ റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിവരാവകാശ കമ്മിഷണർ ഡോ എഎ അബ്‌ദുൾ ഹകീം റിപ്പോർട്ട് പരസ്യപ്പെടുത്താൻ ഉത്തരവിട്ടത്.
ആർടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങൾ ഒഴികെ മറ്റെല്ലാ വിവരങ്ങളും പരസ്യപ്പെടുത്തണമെന്നാണ് നിർദേശം. റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് നടപ്പാക്കാൻ ഗവൺമെന്‍റ് സെക്രട്ടറി ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ ഹേമ കമ്മീഷനെ സർക്കാർ നിയോഗിക്കുന്നത്.