കാസർകോട്: ഒറ്റ നോട്ടത്തിൽ സ്വർണ വളകൾ, ഉരച്ചു നോക്കിയാലും പത്തരമാറ്റ്, 916 മാർക്കും ബിഐഎസ് ലോഗോയും, പക്ഷെ സംഗതി വ്യാജനാണ്. സ്വർണം പണയത്തിൽ എടുക്കുമ്പോഴുള്ള ബാങ്കുകാരുടെ പഴഞ്ചൻ രീതി മുതലാക്കി തട്ടിപ്പ് നടത്തുന്ന വൻ സംഘത്തെ പിടികൂടുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
കാസർകോട് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലാണ് വ്യാപകമായി മുക്കുപണ്ട തട്ടിപ്പ് നടന്നത്. 400 ഗ്രാം തൂക്കം വരുന്ന 50 സ്വർണം നിറച്ച വളകൾ പണയംവച്ച് 18 ലക്ഷം രൂപയോളമാണ് സംഘം ബാങ്കുകളെ കബളിപ്പിച്ച് കൈക്കലാക്കിയിരിക്കുന്നത്.
സ്വർണം പണയംവക്കാൻ വരുമ്പോൾ ഉരച്ചു നോക്കി മാറ്റ് നോക്കുന്ന ബാങ്കുകളുടെ പഴഞ്ചൻ രീതിയാണ് തട്ടിപ്പുകാർക്ക് സഹായകരമായത്. ഏറ്റവും എളുപ്പത്തിൽ സ്വർണം പണയംവക്കാവുന്ന ബാങ്കുകൾ കണ്ടെത്തും. വളകൾ നേരെ അപ്രൈസർക്ക് കൈമാറും. ഈ വളകളിലെ പുറം ഭാഗത്ത് കൂടുതൽ സ്വർണം പൂശിയിട്ടുണ്ടാകും. താഴെ ഭാഗത്ത് ചെമ്പ് മാത്രമാകും ഉണ്ടാകുക. അപ്രൈസർ സ്വർണം ഉരച്ചു നോക്കുമ്പോൾ യാതൊരു സംശയവും വരില്ല. മുറിച്ചു നോക്കിയാൽ മാത്രമേ ചെമ്പുണ്ടെന്ന് മനസിലാകുകയുള്ളൂ. നിലവിൽ സംശയം തോന്നിയാലും ബാങ്കുകൾ അങ്ങനെ ചെയ്യാറുമില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റ് തന്നെ പ്രവർത്തിച്ചിക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കാഞ്ഞങ്ങാട് സബ് ഡിവിഷൻ പരിധിയിൽ മാത്രം 14 കേസുകൾ രജിസ്‌റ്റർ ചെയ്‌തതായും അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിക്കുമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.
കൊടക്കാട് സർവീസ് സഹകരണ ബാങ്ക്, തിമിരി സർവീസ് സഹകരണ ബാങ്ക്, ഹൊസ്‌ദുർഗ് സർവീസ് സഹകരണ ബാങ്കുകളുടെ കാഞ്ഞങ്ങാട്ടെ നാല് ശാഖകൾ, നീലേശ്വരം സർവീസ് സഹകരണ ബാങ്കിൻ്റെ മൂന്ന് ശാഖകൾ, ചീമേനി സർവീസ് സഹകരണ ബാങ്ക് എന്നിവ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഈ ബാങ്കുകളെല്ലാം കാസർകോട് ജില്ലയുടെ തെക്ക് ഭാഗത്താണ്. സംഘം കൂടുതൽ ബാങ്കുകളെ ലക്ഷ്യമിട്ടിരിക്കാമെന്നും പൊലീസ് പറയുന്നു. ബാങ്ക് ജീവനക്കാർക്ക് ഇതിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.
സംഭവത്തിൽ വിവിധയിടങ്ങളിലായി ആറ് പേർ അറസ്‌റ്റിലായിട്ടുണ്ട്. മുഖ്യ പ്രതി എന്നു കരുതുന്ന മുഹമ്മദ് റയീസ് ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നു എന്നാണ് സൂചന. ഇയാളാണ് മുക്കുപണ്ടം കൈമാറിയതെന്നു കരുതുന്നു. ഇത്തരം വളകള്‍ നിർമിച്ചു നൽകുന്നത് എവിടെ നിന്നാണെന്നു വ്യക്തമല്ല.
നീലേശ്വരത്ത് നിന്നാണ് മൂന്ന് പേർ അറസ്‌റ്റിലാത്. ചീമേനിയിൽ നേരത്തേ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. കാഞ്ഞങ്ങാടും ഒരാള്‍ അറസ്‌റ്റിലായി. അതിനിടെ തട്ടിപ്പിൽ സഹകരണ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. തട്ടിപ്പ് നടന്ന ബാങ്കുകളിലെല്ലാം എത്തി സഹകരണ ഉദ്യോഗസ്ഥർ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. റയീസ് പിടിയിലാകുന്നത്തോടെ വൻ തട്ടിപ്പ് പുറത്ത് വരുമെന്നാണ് സൂചന.
Also Read:ആലപ്പുഴയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ഒരു കോടിയോളം; തട്ടിപ്പ് രീതി ഇങ്ങനെ