തിരുവനന്തപുരം: കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 57,000 കോടി കിട്ടാനുണ്ടെന്ന കാപ്‌സ്യൂള്‍ സിപിഎം നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇത് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും നിയമസഭയില്‍ ബജറ്റിന്‍ മേലുള്ള ചര്‍ച്ചയില്‍ റോജി എം ജോണ്‍ ആരോപിച്ചു. ധനമന്ത്രി കെഎന്‍ ബാലഗപാല്‍ കേന്ദ്ര ധനമന്ത്രിക്കയച്ച കത്തു പ്രകാരം കേരളത്തിനു കിട്ടേണ്ടത് 32,000 കോടിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്(Roji M John MLA).
റവന്യൂ കമ്മി ഗ്രാന്‍റായി കിട്ടാനുള്ളത് 8400 കോടിയാണെന്ന് ധനമന്ത്രി പറയുന്നതും ശരിയല്ല. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ അഞ്ച് വര്‍ഷത്തേക്ക് കേരളത്തിന് അനുവദിച്ച റവന്യൂ കമ്മി ഗ്രാന്‍റ് 53,137 കോടി രൂപയാണ്(Balagopal). 16 സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ ഗ്രാന്‍റ് അനുവദിച്ചതില്‍ ഏറ്റവും കൂടുതല്‍ തുക കിട്ടിയത് കേരളത്തിനാണ്. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകത്തിനു ലഭിച്ചത് പൂജ്യമാണ്. കേരളത്തിന് 53,137 കോടി രൂപ അനുവദിച്ചതിന്‍റെ 90 ശതമാനവും മൂന്ന് വര്‍ഷം കൊണ്ട് കൈപ്പറ്റിയ ശേഷം മൂന്നാം വര്‍ഷം കിട്ടിയതിനെക്കാള്‍ കുറച്ചാണ് നാലാം വര്‍ഷം കിട്ടിയതെന്നു വാദിച്ചാണ് ഈ ഇനത്തില്‍ 8400 കോടി കിട്ടാനുണ്ടെന്ന് ധനമന്ത്രിയും സിപിഎമ്മും പറയുന്നത്. ഇത് ആരെ കബളിപ്പിക്കാനാണ്(Centre Arrear). മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക് 2023 നവംബര്‍ 28ന് ഫേസ് ബുക്ക് പോസ്റ്റില്‍ പെന്‍ഷന്‍ ഗ്രാന്‍റ്, ഗ്രാമസുരക്ഷ ഗ്രാന്‍റ്, യുജിസി ശമ്പള കുടിശിക, ഭക്ഷ്യ സുരക്ഷാ ഗ്രാന്‍റ് എന്നിവയെല്ലാം കൂടി 5132 കോടി രൂപ കുടിശിക സംസ്ഥാനത്തിനു കിട്ടാനുണ്ടെന്നാണ് പറയുന്നത്. 57000 എന്ന കണക്ക് കേള്‍ക്കാതെയാണോ സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ തോമസ് ഐസക്ക് ഇതു പറയുന്നത്. 57,000 എന്ന് സിപിഎമ്മും ധനമന്ത്രി ബാലഗോപാലും പറയുമ്പോള്‍ 5132 കോടി രൂപയേ കിട്ടാനുള്ളൂ എന്നു പറയുന്ന തോമസ് ഐസക്ക് ബിജെപി ഏജന്‍റാണോ?
ഡല്‍ഹി ജന്തര്‍ മന്ദറില്‍ കേരള സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും നടത്തിയ സമരം രണ്ടാണ്. കര്‍ണാടക സമരം നടത്തിയത് വരള്‍ച്ചാ ദുരിതാശ്വാസമായി കേന്ദ്രം നല്‍കാനുള്ള 18,177 കോടിയും ഭദ്രാ അപ്പര്‍ ബാങ്ക് പ്രോജക്‌ടില്‍ 5300 കോടി രൂപയും ധനകാര്യ കമ്മിഷന്‍ അനുവദിച്ച 5495 കോടിയും കിട്ടണമെന്നാവശ്യപ്പെട്ടാണ്. ഇക്കാര്യം കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇല്ലാത്ത കണക്ക് പറഞ്ഞ് എത്രകാലം നാട്ടുകാരെ പറ്റിച്ച് സിപിഎമ്മിന് കേരളത്തിന്‍റെ വികസനം തടസപ്പെടുത്താന്‍ കഴിയും. ഭരണ പക്ഷത്തിന് കണക്കുകള്‍ പഠിക്കാനല്ല, കാപ്സ്യൂളുകള്‍ തൊള്ള തൊടാതെ വിഴുങ്ങാനാണ് താത്പര്യമെന്നു റോജി പരിഹസിച്ചു.
റോജിയുടെ പ്രസംഗം തടസപ്പെടുത്താന്‍ ഭരണ പക്ഷത്തു നിന്ന് ഷിന്‍റോ ജോസഫും കെ.ശാന്തകുമാരിയും സച്ചിന്‍ ദേവും നിരന്തരം ഇടപെട്ടു കൊണ്ടിരുന്നു. ഇവരോട് സീറ്റിലിരിക്കാന്‍ സദസിലുണ്ടായിരുന്ന കെ.ബാബു(നെന്‍മാറ) ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വഴങ്ങിയില്ല.
പ്രതിഷേധവുമായി പ്രതിപക്ഷവും സീറ്റില്‍ നിന്നെഴുന്നേറ്റു. സഭയില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പ്രതിപക്ഷാംഗങ്ങള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ സ്‌പീക്കറുടെ സംരക്ഷണം വേണമെന്നും ഇല്ലെങ്കില്‍ സഭാ നടപടികളുമായി സഹകരിക്കാന്‍ പ്രതിപക്ഷത്തിനു ബുദ്ധിമുട്ടാകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
സഭയില്‍ ബിജെപിക്ക് ഒരംഗമില്ലാത്തതിന്‍റെ കുറവാണ് റോജി എം ജോണ്‍ തീര്‍ത്തതെന്ന് തൊട്ടു പിന്നാലെ പ്രസംഗിച്ച പിപി സുമോദിന്‍റെ ആരോപണം സഭയില്‍ ഭരണ പ്രതിപക്ഷ വാഗ്വാദത്തിന് കാരണമായി.
Also Read: 'ചോദ്യങ്ങൾക്ക് സമയ ബന്ധിതമായി ഉത്തരം നൽകണം' ; ധനമന്ത്രിക്ക് സ്‌പീക്കറുടെ റൂളിങ്ങ്