ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാം പുതുക്കി പണിയണമെന്ന ആവശ്യവുമായി ആര്‍ജെഡി ജില്ല കമ്മിറ്റി രംഗത്ത്. കേരളത്തിലെ നാല് ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാം ഉടന്‍ പുതുക്കി നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആര്‍ജെഡി ജില്ല പ്രസിഡന്‍റ് കോയ അമ്പാട്ട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജില്ല കമ്മിറ്റിയില്‍ കൂടിയാലോചന നടത്തി തുടര്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ വരാൻ പോകുന്ന വലിയ വിപത്തായി മുല്ലപ്പെരിയാർ നിലനിൽക്കുകയാണെന്നും, നാല് ജില്ലകളെ തുടച്ചുനീക്കാൻ ശേഷിയുള്ള തരത്തിൽ അപകടഭീഷണിയായാണ് ഡാം നിലനിൽക്കുന്നതെന്നും കോയ അമ്പാട്ട് പറഞ്ഞു. ആര്‍ജെഡി ഉൾപ്പെടെയുള്ള സംഘടനകൾ ഡാം പുതുക്കിപ്പണിയണമെന്ന് പതിറ്റാണ്ടുകളായി ആവശ്യപ്പെടുകയാണ്. എന്നാൽ നാളിതുവരെ പരിഹാരമുണ്ടായിട്ടില്ല.
1986ലെ പാട്ടക്കരാർ വ്യവസ്ഥ നിലനിൽക്കുന്നുണ്ടോയെന്ന് പഠിക്കണമെന്ന് സുപ്രീംകോടതി നിർദേശം വന്നിട്ടും അടിയന്തിരമായി പഠിക്കുന്നതിനുപോലും കേരള തമിഴ്‌നാട് സർക്കാരുകൾ തയ്യാറാകുന്നില്ല. മുല്ലപ്പെരിയാർ പൊട്ടി ഒഴുകിയാൽ കേരളത്തിന് മാത്രമല്ല, തമിഴ്‌നാടിനെയും കർണാടകയേയും പ്രതികൂലമായി ബാധിക്കും. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഷയത്തെ ഗൗരവത്തിലെടുക്കാൻ തയ്യാറാകുന്നില്ല. അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും, നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ആര്‍ജെഡി ജില്ല പ്രസിഡന്‍റ് പറഞ്ഞു.
Also Read: ജലനിരപ്പ് ഉയര്‍ന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തി തമിഴ്‌നാട്