കാസർകോട് : റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് വിധി. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ ഒന്നാം പ്രതി അജേഷ്, രണ്ടാം പ്രതി നിതിൻ കുമാർ, മൂന്നാം പ്രതി കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്‌ജി കെ കെ ബാലകൃഷ്‌ണനാണ് കേസ് പരിഗണിച്ചത്. കുടക് സ്വദേശിയാണ് റിയാസ് മൗലവി.
2017 മാര്‍ച്ച് 20നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ച് മൗലവിയെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 27 വയസുള്ള റിയാസ് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു.
യാതൊതു പ്രകോപനവും ഇല്ലാതെയായിരുന്നു കൊലപാതകം. വര്‍ഗീയ കലാപം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി ആയിരുന്ന ഡോ. എ ശ്രീനിവാസിന്‍റെ മേൽനോട്ടത്തിൽ അന്ന് കോസ്റ്റൽ സിഐ ആയിരുന്ന പി കെ സുധാകരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.
കൊല നടന്ന് മൂന്ന് ദിവസത്തിനകം കുറ്റവാളികള്‍ പിടിക്കപ്പെട്ടിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച കേസിൽ 2019ലാണ് വിചാരണ ആരംഭിച്ചത്. ഇതോടെയാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരുന്ന സാഹചര്യമുണ്ടായത്.
കഴിഞ്ഞ 7 വർഷമായി പ്രതികൾ ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയായിരുന്നു. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് 97 പേരെയും പ്രതിഭാഗത്ത് നിന്ന് ഒരാളെയുമാണ് ഇതുവരെ കേസില്‍ വിസതരിച്ചത്. ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിനും കഴിഞ്ഞിരുന്നു. ഡിഎന്‍എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
കേസിൽ വിധി പറയുന്നത് മൂന്ന് തവണ മാറ്റിയിരുന്നു. ഈ വർഷം ഫെബ്രുവരി 29നായിരുന്നു ആദ്യം വിധി പറയാനിരുന്നത്. പിന്നീട് മാർച്ച് ഏഴ്, മാർച്ച് 20 തീയതികളിലേക്ക് മാറ്റി. ഏറ്റവും ഒടുവിൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2019ൽ കേസിന്‍റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചു. ജഡ്‌ജിമാരുടെ സ്ഥലം മാറ്റവും കൊവിഡും കാരണം പലതവണ മാറ്റിവച്ച കേസ് ഇതുവരെ ഏഴ് ജഡ്‌ജിമാരാണ് പരിഗണിച്ചത്. കൊലപാതകം നടന്ന് ഏഴാം വര്‍ഷമാണ് കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാവുന്നത്.
റിയാസ് മൗലവി വധക്കേസ് വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കനത്ത തിരക്കാണ് കോടതി പരിസരത്ത് അനുഭവപ്പെട്ടത്. കോടതി വിധിയുടെ വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും. എല്ലാവരെയും വെറുതെ വിട്ടു എന്ന ഒരു വരി പ്രസ്‌താവനയാണ് കോടതി ഉത്തരവിട്ടത്. വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി.