കാസര്‍കോട്: റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രതികളായ മൂന്ന് ആർഎസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ട വിധിക്കെതിരെയാണ് സർക്കാരിന്‍റെ അപ്പീൽ. പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്നും വിചാരണ കോടതി തെളിവുകൾ പരിശോധിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കേസിൽ മൂന്ന് പ്രതികൾക്കും ഹൈക്കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. അപ്പീൽ വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും. പ്രതികൾ പാസ്‌പോർട്ട് കെട്ടിവയ്‌ക്കണമെന്നും വിചാരണ കോടതി പരിധി വിട്ടുപോകരുതെന്നും ഹൈക്കോടതി നിർദേശം നൽകി.
കൊലപാതകത്തില്‍ വിഷലിപ്‌ത വര്‍ഗീയതയുണ്ടെന്ന് സർക്കാർ അപ്പീലിൽ പറഞ്ഞിരുന്നു. മതസൗഹാര്‍ദത്തെ ഉലച്ച കൊലപാതകമാണിത്. വിചാരണ കോടതിയുടെ വിധി നിയമ വിരുദ്ധവും അനുചിതവും നീതിന്യായ ബോധത്തെ ഞെട്ടിപ്പിക്കുന്നതാണെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കി. കൂടാതെ വിചാരണ കോടതി വിധി ഒരു നിമിഷംപോലും നിലനില്‍ക്കരുതെന്നും അപ്പീലിൽ പറയുന്നു.
എസ്‌പിയുടെ ടീം നടത്തിയത് വീഴ്‌ചയില്ലാത്ത അന്വേഷണമാണ്. സാക്ഷികള്‍ കളവ് പറഞ്ഞാലും സാഹചര്യത്തെളിവുകള്‍ കളവുപറയില്ല. സാക്ഷിമൊഴികള്‍ വിലയിരുത്തുന്നതില്‍ കോടതിക്ക് വീഴ്‌ച പറ്റി. പ്രതികളെ വെറുതെവിട്ട കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നും സര്‍ക്കാര്‍ അപ്പീലിലൂടെ ആവശ്യപ്പെട്ടു.
അതേസമയം കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു കേസിലെ മൂന്ന് പ്രതികളെയും വെറുതെവിട്ടത്. 2017 മാർച്ച് 21-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ASLO READ: റിയാസ് മൗലവി വധക്കേസ് വിധി പറഞ്ഞ ജഡ്‌ജിക്ക് സ്ഥലം മാറ്റം