കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിന്‍റെ മോചന ഹർജി പരിഗണിക്കുന്നത് റിയാദ് ക്രിമിനൽ കോടതി ഇന്നും മാറ്റി വെച്ചു. കോടതിയിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് കേസ് മാറ്റിവെച്ചതെന്നും ഇന്ന് ഒരു കേസ് പോലും റിയാദ് കോടതി പരിഗണിച്ചിട്ടില്ലെന്നും നിയമ സഹായ സമിതി പ്രവർത്തകർ പറഞ്ഞു.
വധശിക്ഷ റദ്ദാക്കിയതിന് ശേഷം, പബ്ലിക് റൈറ്റ്സ് പ്രകാരം മോചന ഹർജി പരിഗണിച്ച കോടതി ഇത് നാലാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. ഇന്ന് അന്തിമ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിന്‍റെ കുടുംബവും നിയമ സഹായ സമിതി പ്രവർത്തകരും. ദയാധനം കൈപ്പറ്റി മാപ്പ് നൽകാൻ മരിച്ച സൗദി ബാലൻ അനസ് അൽ ശാഹിരിയുടെ കുടുംബം തയ്യാറായതോടെയാണ് 18 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദു റഹീമിന്‍റെ മോചനത്തിന് വഴി തെളിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആവശ്യപ്പെട്ട 34 കോടി രൂപ നൽകിയതോടെ കുടുംബത്തിന്‍റെ സമ്മതപ്രകാരം ജൂലൈ 2ന് കോടതി വധശിക്ഷ റദ്ദാക്കി. തുടർന്ന് മൂന്ന് തവണ മോചന ഹർജിയിൽ വിധി പറയാൻ കോടതി ചേർന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള നടപടി ക്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിന്‍റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷനും റഹീമിന്‍റെ അഭിഭാഷകനും അവരവരുടെ വാദങ്ങൾ വീണ്ടും കോടതിക്ക് മുന്നിൽ അവതരിപ്പിച്ചു.
കേസിൽ 18 വർഷത്തെ ജയിൽ ശിക്ഷ റഹീം അനുഭവിച്ചു കഴിഞ്ഞെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു. കുടുംബം മാപ്പ് നൽകിയതിനൊപ്പം ഇത് കൂടി കണക്കിലെടുത്ത് മോചന ഉത്തരവ് നൽകുമെന്നാണ് പ്രതീക്ഷ. അതേസമയം അനുകൂല വിധിയുണ്ടായാലും മോചനം സാധ്യമായി റഹീം നാട്ടിലെത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും. ആദ്യം മോചന ഉത്തരവിന്‍റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും കോടതി കൈമാറും.
അതിനുശേഷം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് ഇന്ത്യൻ എംബസി യാത്രാ രേഖകൾ കൈമാറുന്നതോടെ റഹീമിന് ജയിൽ മോചിതനായി ഇന്ത്യയിൽ എത്താനാകും.
2006 ഡിസംബര്‍ 24നാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. മനപ്പൂർവ്വമല്ലാത്ത കൈപിഴവ് മൂലം സൗദി സ്വദേശിയായ 15 കാരന്‍റെ മരണത്തിലാണ് റഹീം സൗദി ജയിലിലാകുന്നത്. ഡ്രൈവര്‍ വിസയിൽ സൗദിയിലെത്തിയ റഹീം തലയ്‌ക്ക് താഴെ ചലന ശേഷി നഷ്‌ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്‌തിരുന്നത്.
ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടു പോകേണ്ട ചുമതലയും റഹീമിനായിരുന്നു. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്‌ദുല്‍ റഹീമിന്‍റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്‌തു.
സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്‍റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്‍റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. ഇതോടെയാണ് റഹീമിന്‍റെ വധശിക്ഷ വേണ്ടെന്ന് വച്ച് ഉത്തരവിറങ്ങിയത്.