കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ കാണാതായ ആട്ടൂർ മുഹമ്മദ് എന്ന മാമിയുടെ തിരോധാനം അന്വേഷിക്കാൻ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവിറങ്ങി. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. നേരത്തെ കേസ് അന്വേഷിച്ച നടക്കാവ് എസ്എച്ച്ഒ ജിജീഷ് അടക്കം നേരത്തെയുള്ള അന്വേഷണ സംഘവും പുതിയ അന്വേഷണ സംഘത്തിൽ ഉൾപ്പെടും.
ഇദ്ദേഹത്തെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്ന് ആക്ഷൻ കമ്മറ്റിയും കുടുംബവും ആവശ്യപ്പെട്ടിരുന്നു. 2023 ആഗസ്റ്റ് 21 നാണ് കോഴിക്കോട് നഗരത്തിൽ നിന്നും മാമിയെ കാണാതാവുന്നത്. 11 മാസമായിട്ടും പൊലീസിന് ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബം അന്വേഷണ സംഘത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയത്.
എംകെ മുനീർ എംഎൽഎ നിയമസഭയിൽ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുടുംബം ഹൈക്കോടതിയിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകിയിരുന്നു. ഹൈക്കോടതി ജൂലൈ 17ന് കേസ് വീണ്ടും പരിഗണിക്കും. അന്വേഷണ സംഘത്തിൽ മാറ്റം വരുത്തുന്നതിൻ്റെ ഭാഗമായി നേരത്തെ ഇറങ്ങിയ ഉത്തരവിൽ ജിജീഷിനെ മെഡിക്കൽ കോളജ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഇതിനിടെയാണ് പുതിയ അന്വേഷണ സംഘത്തിൽ പഴയ ടീമിനെ ഉൾപ്പെടുത്തി എഡിജിപി അജിത് കുമാർ ഇന്ന് പുതിയ ഉത്തരവിറക്കിയത്. കേസ് കാര്യക്ഷമമായി നടക്കാതിരിക്കാൻ കാരണം അന്വേഷണ സംഘത്തിൻ്റെ വീഴ്‌ചയാണെന്ന് കുടുംബം വാർത്ത സമ്മേളനത്തിൽ ആരോപിച്ചിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ തെളിവുകൾ ശേഖരിക്കാൻ പൊലീസ് വരുത്തിയ വീഴ്‌ചയാണ് കേസിനെ വഴിതിരിച്ചുവിട്ടത് എന്നാണ് ആക്ഷൻ കമ്മറ്റി പറയുന്നത്.
ഇദ്ദേഹത്തിൻ്റെ തിരോധാനത്തിന് പിറകിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ വമ്പൻ സ്രാവുകൾക്ക് പങ്കുണ്ടോ എന്നാണ് നാട്ടുകാർ സംശയിക്കുന്നത്. കുടുബം പൊലീസിന് കൊടുത്ത പരാതിയിൽ പരാമർശിക്കപ്പെട്ട വ്യക്തികൾക്ക് പരാതിയുടെ ഉള്ളടക്കം ലഭിച്ചത് ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി ജൂലൈ 17 ന് വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ പ്രതിഷേധ സായാഹ്നം നടത്തുന്നുണ്ട്.
ALSO READ: ജോയിയ്‌ക്കായുള്ള തെരച്ചിലിലെ പ്രധാന വെല്ലുവിളി ഖരരൂപത്തിൽ കെട്ടികിടക്കുന്ന മാലിന്യം: വി ശിവൻകുട്ടി