തിരുവനന്തപുരം: ഇപി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടകരയിൽ വർഗീയ പ്രചാരണം നടത്തിയത് സിപിഎമ്മാണെന്നും ഇപി ജയരാജനെ പിണറായിക്ക് ഭയമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. മുൻ മുഖ്യമന്ത്രി ആർ ശങ്കറിന്‍റെ 115-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം പാളയത്തെ ആർ ശങ്കർ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സിപിഎമ്മില്‍ ഇപി ജയരാജനെതിരെ ഒരു നടപടിയും ഉണ്ടാകില്ല. കാരണം, പിണറായി വിജയന് ജയരാജനെ ഭയമാണ്. രാഷ്ട്രീയ സമവായമാണ് ഇതിന് പിന്നിൽ.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ ബിജെപിയുമായി സിപിഎം സമവായത്തിലാണ്. വടകരയിൽ ഷാഫി പറമ്പിലിന്‍റെ വിജയം സുനിശ്ചിതമായതിനാലാണ് ഇപ്പോള്‍ കള്ള പ്രചാരണം അഴിച്ചുവിടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മേയറും കെഎസ്‌ആർടിസി ഡ്രൈവറുമായി നടുറോഡിലുണ്ടായ തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്ത് യാതൊരു തെറ്റുമില്ല. പൊതുപ്രവർത്തകരുടെ പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കുന്ന നടപടിയാണ് മേയർ ചെയ്‌തത്. പൊലീസ് ഡ്രൈവറുടെ ഭാഗം കേൾക്കാൻ പോലും തയ്യാറാകുന്നില്ലെന്നം ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.