പത്തനംതിട്ട : സിപിഎം ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കോന്നിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് രാജു എബ്രഹാമിനെ തെരഞ്ഞെടുത്തത്.
നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജു എബ്രഹാം. രാജു എബ്രഹാം, ആർ സനല്‍കുമാർ, പി ബി ഹർഷകുമാർ, എ പദ്‌മകുമാർ, ടി ഡി ബൈജു എന്നിങ്ങനെ നാല് പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സിപിഎം നേതൃത്വം പരിഗണിച്ചിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിൽ നിന്നാണ് റാന്നി മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട രാജു എബ്രഹാമിന്‍റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. 34 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്.
ജില്ലാ കമ്മിറ്റിയിലേക്ക് ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. മൂന്ന് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ഒഴിവാക്കി. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാന്‍സിസ് വി ആന്‍റണിയെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിന്‍, പട്ടിക ജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സി എന്‍ രാജേഷ്, ഇരവിപേരൂര്‍ ഏരിയ സെക്രട്ടറി ടി കെ സുരേഷ് കുമാര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം എന്നിവരെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
കെപി ഉദയഭാനുവിന് പുറമെ അഡ്വ. പീലിപ്പോസ് തോമസ്, മുന്‍ എംഎല്‍എ കെസി രാജഗോപാല്‍, കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെകെ ശ്രീധരന്‍, നിര്‍മലാ ദേവി, ബാബു കോയിക്കലേത്ത് എന്നിവരെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് (30-12-2024) സമാപിക്കും. വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
Also Read: അഞ്ചേ മുക്കാൽ കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ