കാസർകോട് : അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെതിരെ കടുത്ത പ്രതികരണവുമായി കാസര്‍കോട് ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. കോണ്‍ഗ്രസ് നേതാവായ രാജ്‌മോഹൻ ഉണ്ണിത്താൻ ബിജെപിയിലേക്ക് വരുമെന്ന് പത്മജ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിച്ച അദ്ദേഹം പത്മജ വേണുഗോപാലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു.
പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണം. 1973 മുതലുള്ള ചരിത്രം താൻ വിളിച്ചുപറയും. രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്നുപറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല. തന്‍റെ അച്ഛൻ കെ കരുണാകരൻ അല്ലല്ലോയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
താൻ മരിക്കുന്നത് വരെ കോൺഗ്രസുകാരനായി തുടരും. തനിക്ക് നല്ലൊരു പിതാവ് ഉണ്ട്. അധികാരം ഇല്ലാതെ പത്മജയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. പത്മജ വിഷം കഴിച്ച് കിടന്ന കാര്യമൊക്കെ താൻ വിളിച്ചുപറയും. കെ കരുണാകരന്‍റെ കുടുംബത്തിലെ മുഴുവൻ ചരിത്രവും വിളിച്ചുപറയും. തന്നെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നവർ പിതൃശൂന്യർ ആണ്. കെ കരുണാകരൻ കൂടെ നിൽക്കുന്നവർക്ക് ഒന്നും കൊടുത്തിരുന്നില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം, ഇപി ജയരാജൻ - പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്‌ചയിലും അദ്ദേഹം പ്രതികരണം നടത്തി. ഇപി ജയരാജൻ ജാവദേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും സംസാരിക്കാനാകുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു. പിണറായി വിജയൻ ബിജെപിയിലേക്ക് കോൺഗ്രസുകാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍റ് ആണെന്നും ഉണ്ണിത്താൻ പറഞ്ഞു.