തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഓഗസ്റ്റ് 21) ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായും വടക്കൻ തമിഴ്‌നാടിനും തെക്കൻ ആന്ധ്രാപ്രദേശിനും മുകളിലായും രണ്ട് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അറബിക്കടൽ മുതൽ മാലിദ്വീപ് വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനത്തിലാണ് മഴ ശക്തിപ്രാപിക്കുക.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുളളതിനാല്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് (ഓഗസ്റ്റ് 21) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ടാണുള്ളത്. ചിലയിടങ്ങളിൽ ശക്തമായ കാറ്റ് വീശാനുളള സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരം, തെക്ക് കിഴക്കൻ അറബിക്കടൽ, കർണാടക തീരം, മധ്യ കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശം, മാലിദ്വീപ് പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Also Read: ശക്തമായ മഴ ; കോട്ടയത്ത് വീടിന് മുൻവശത്തെ കിണർ ഇടിഞ്ഞ് താഴ്‌ന്നു