പാലക്കാട്: ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്‍റെ മംഗലാപുരം ഭാഗം വീണ്ടും വെട്ടിമുറിക്കാന്‍ ഒരു ആലോചനയും നടന്നിട്ടില്ലെന്ന് പാലക്കാട് ഡിവിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ഇപ്പോള്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണ്. ഈ വാര്‍ത്തയ്ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകളോ നിര്‍ദ്ദേശങ്ങളോ പദ്ധതികളോ റെയില്‍വേയ്ക്ക് മുന്നില്‍ ഇതുവരെയില്ല.
ഇതുസംബന്ധിച്ച മുഴുവന്‍ വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്ന് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മംഗലാപുരത്ത് അടുത്തിടെ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തത് ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനല്ല. മറിച്ച് ഈ ഭാഗത്തെ റെയില്‍വേ വികസനവും കൂടുതല്‍ റെയില്‍പാതകളുടെ നിര്‍മാണവും സംബന്ധിച്ച മാത്രം ചര്‍ച്ചകളാണ് അവിടെയുണ്ടായത്.
ഈ വാര്‍ത്തകള്‍ പൊതുജനങ്ങളില്‍ സൃഷ്‌ടിച്ച ആശങ്കകള്‍ സംബന്ധിച്ച് ഉത്തമ ബോധ്യമുണ്ടെന്നും എന്നാല്‍ വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യത്തിന്‍റെ കണിക പോലുമില്ലെന്നും റെയില്‍വേ അറിയിച്ചു. നേരത്തെ യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചത്.
ഇതിന് പിന്നാലെ ഡിവിഷന്‍ വീണ്ടും വിഭജിച്ച് മംഗലാപുരം ആസ്ഥാനമായി മറ്റൊരു ഡിവിഷന്‍ രൂപീകരിച്ച് പാലക്കാട് ഡിവിഷനെ പൂര്‍ണമായി ഇല്ലതാക്കാനുള്ള നീക്കമാണ് റെയില്‍വേ ആലോചിച്ചിരുന്നത്. ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ കക്ഷിഭേദമന്യേ കേരളത്തിന്‍റെ എതിര്‍പ്പ് രൂക്ഷമായി. ഇത് കണക്കിലെടുത്താണ് റെയില്‍വേയുടെ താത്കാലിക പിന്‍വാങ്ങലെന്നാണ് സൂചന.
Also Read: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വീണ്ടും വെട്ടിമുറിക്കാന്‍ നീക്കം: കേരളത്തെ എങ്ങനെ ബാധിക്കുമെന്നറിയാം