തിരുവനന്തപുരം: പുതിയ നിയമസഭാ സാമാജികരായി പാലക്കാട് നിന്നും രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ നിന്നും യുആര്‍ പ്രദീപും സത്യപ്രതിജ്ഞ ചെയ്‌തു. നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ 12 മണിക്ക് ആരംഭിച്ച ചടങ്ങില്‍ സഗൗരവം പ്രതിജ്ഞ ചെയ്യുമെന്നു യുആര്‍ പ്രദീപും ദൈവത്തിന്‍റെ നാമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞാ വാചകങ്ങള്‍ ചൊല്ലി അവസാനിപ്പിച്ചു.
തുടര്‍ന്ന് നിയമസഭാ സാമാജികരായി ഒപ്പുവച്ച ഇരുവരെയും സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ഔദ്യോഗികമായ സ്വീകരിച്ചു. മന്ത്രിസഭാംഗങ്ങളും എല്‍ഡിഎഫ് ഘടകക്ഷി മന്ത്രിമാരും വേദിയില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍, പാലക്കാട് മുന്‍ എംഎല്‍എ ഷാഫി പറമ്പിലും ചടങ്ങില്‍ പങ്കെടുക്കാനെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യമായാണ് രാഹുല്‍ നിയമസഭയിലെത്തുന്നതെന്ന പ്രത്യേകതയുണ്ട്. ത്രികോണ മത്സരം നടന്ന പാലക്കാട് നിന്നും തകര്‍പ്പന്‍ വിജയവുമായാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിയമസഭയിലെത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറിനെ പരാജയപ്പെടുത്തിയത്. എന്‍ഡിഎയ്ക്ക് വിജയസാധ്യത കല്‍പ്പിച്ച മണ്ഡലത്തില്‍ ബിജെപി കോട്ടകളില്‍ അടക്കം കടന്നുകയറിയാണ് രാഹുല്‍ വിജയക്കൊടി പാറിച്ചത്.കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫിനെയാണ് പിന്തുണച്ചത്. 2011 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. ഷാഫി വടകരയില്‍ നിന്നും ലോക്‌സയിലെത്തിയതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ഷാഫിക്ക് പകരക്കാരനായി എത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് യുഡിഎഫിന്‍റെ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഭൂരിപക്ഷത്തോടെ വിജയിക്കാനായി. 2021ല്‍ മെട്രോമാന്‍ ഇ ശ്രീധരനെതിരെ 3500 വോട്ടുകള്‍ക്കാണ് ഷാഫി വിജയിച്ചത്.ചേലക്കരയിലെ ചെങ്കോട്ട നിലനിര്‍ത്തിയാണ് യുആര്‍ പ്രദീപ് ഇത്തവണയും നിയമസഭയിലെത്തുന്നത്. മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണന്‍ ആലത്തൂരില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ ഒഴിവിലാണ് ചേലക്കരയില്‍ യുആര്‍ പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചത്. ഇത് രണ്ടാം തവണയാണ് പ്രദീപ് നിയമസഭാംഗമാകുന്നത്. 12,220 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ പ്രദീപ് പരാജയപ്പെടുത്തിയത്.2016 ല്‍ ചേലക്കരയില്‍ നിന്ന് കന്നിയങ്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രദീപ് വിജയിച്ചിരുന്നു. 2016ല്‍ കന്നിയങ്കത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍റെ ഭാര്യയുമായ തുളസിയെ 10,200 വോട്ടുകള്‍ക്കാണ് പ്രദീപ് പരാജയപ്പെടുത്തിയത്. എന്നാല്‍ 2021 ല്‍ കെ രാധാകൃഷ്‌ണന് വേണ്ടി പ്രദീപ് മാറി നില്‍ക്കുകയായിരുന്നു. അതേസമയം, ഇതോടെ പതിനഞ്ചാം നിയമസഭയില്‍ ഉപതെരഞ്ഞെടുപ്പിലൂടെ എംഎല്‍എ ആയവരുടെ എണ്ണം നാലായി.
തൃക്കാക്കരയില്‍ എംഎല്‍എ ആയിരുന്ന പിടി തോമസിന്‍റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ഉമാ തോമസ് 2022 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇപ്പോഴത്തെ പതിനഞ്ചാം നിയമസഭയില്‍ അംഗമായി. 2023 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകന്‍ ചാണ്ടി ഉമ്മന്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഇതേ നിയമസഭയില്‍ അംഗമായി.