ലഖ്‌നൗ: ഭാരത് ജോഡോ ന്യായ് യാത്ര താത്‌കാലികമായി നിര്‍ത്തിവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്.വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടില്‍ ജനങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതോടെയാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിന് എത്തുന്നത്. നിലവില്‍ ഭാരത് ജോഡോ ന്യായ് യാത്ര വാരാണസിയിലാണ്. ഇന്ന് (ഫെബ്രുവരി 17) വൈകിട്ട് 5ന് കണ്ണൂരിലെത്തുന്ന രാഹുല്‍ നാളെ (ഫെബ്രുവരി 18) രാവിലെ കല്‍പ്പറ്റയില്‍ എത്തും.
കാട്ടാന ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പോളിന്‍റെയും അജീഷിന്‍റെയും വീടുകളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരായ പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വലിയ പ്രതിഷേധമാണുയര്‍ന്നത്. നൂറുകണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.
ഇന്ന് രാവിലെ മുതല്‍ പുല്‍പ്പള്ളിയില്‍ വന്‍ പ്രതിഷേധമാണ് തുടരുന്നത്. വനം വകുപ്പിന്‍റെ വാഹനം അടക്കം തടഞ്ഞ് വച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്‍റെ ജഡം വനം വകുപ്പിന്‍റെ വാഹനത്തിന് മുകളില്‍ കയറ്റിവച്ചും ജനങ്ങള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ എംഎല്‍എമാരെയും പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്‌തു. എംഎല്‍എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്‌ണന്‍ എന്നിവരെയാണ് കയ്യേറ്റം ചെയ്‌തത്. സംഭവത്തിന് പിന്നാലെ പൊലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ പിരിച്ച് വിട്ടത്.
വയനാട്ടിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. വാരാണസിയില്‍ ഇന്ന് വൈകിട്ടും നാളെ രാവിലെയും തീരുമാനിച്ച പരിപാടികള്‍ മാറ്റിവച്ചാണ് അദ്ദേഹം വയനാട്ടിലേക്ക് തിരിച്ചത്. വയനാട് സന്ദര്‍ശനത്തിന് ശേഷം നാളെ രാഹുല്‍ ഗാന്ധി അലഹബാദിലേക്ക് തിരിക്കും. വൈകിട്ട് അലഹബാദില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.