കോഴിക്കോട് : പിഎസ്‌സി അംഗത്വ കോഴ വിവാദത്തിൽ ആരോപണ വിധേയനായ സിപിഎം ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി പാർട്ടി ജില്ല കമ്മിറ്റി ഓഫിസിൽ എത്തി വിശദീകരണം നൽകി. തനിക്കെതിരായ ആരോപണത്തിൻ്റെ വസ്‌തുത പുറത്തുവരണം എന്നും യാഥാർഥ്യം പാർട്ടി കണ്ടെത്തണമെന്നും പ്രമോദ് ആവശ്യപ്പെട്ടു. റിയൽ എസ്റ്റേറ്റ് മാഫിയവുമായി തനിക്ക് ബന്ധമുണ്ടെന്ന് ആരോപണം വസ്‌തുത വിരുദ്ധമാണെന്നും എല്ലായിപ്പോഴും സാധാരണ ജനങ്ങൾക്കൊപ്പമാണ് താൻ പ്രവർത്തിച്ചതെന്നും പ്രമോദ് പറഞ്ഞു.
അതിനിടെ കോഴ ആരോപണത്തിൽ പരാതി ലഭിച്ച പാർട്ടി, അന്വേഷണ കമ്മിഷനെ വെച്ച് മാസക്കൾക്ക് മുമ്പ് റിപ്പോർട്ട് കൈപ്പറ്റിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ജില്ല കമ്മറ്റിയിലെ നാല് അംഗങ്ങളാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. വിഷയത്തിൽ പ്രമോദ് കോട്ടൂളിക്ക് വീഴ്‌ച സംഭവിച്ചു എന്നാണ് റിപ്പോർട്ടിന്‍റെ ഉള്ളടക്കം. റിപ്പോർട്ടിൻമേൽ നടപടിയൊന്നും സ്വീകരിക്കാതെ മുന്നോട്ട് പോകുമ്പോഴാണ് മാധ്യമ വാർത്തകൾ പുറത്ത് വന്നത്. അതിനിടെ പരാതിക്കാരന് കൊടുത്ത പണം തിരിച്ച് കിട്ടിയതോടെ പരാതിയും ഇല്ലാതായി.
വിഷയം വലിയ ചർച്ചയായതോടെ പ്രമോദിനോട് വിശദീകരണം തേടാൻ പാർട്ടി നേതൃത്വം നിർബന്ധിതരാവുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ ചേരുന്ന സിപിഎം ജില്ല കമ്മറ്റിയിൽ പ്രമോദിനെതിരെയുള്ള നടപടിയിൽ തീരുമാനമാകും. പുറത്തു വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായുള്ള കണ്ടെലുകൾ ആയിരിക്കും കാരണം. പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ ആയിരിക്കാം കണ്ടെത്തലുകൾ.
അതേ സമയം നടപടി ഉണ്ടായാൽ നിജസ്ഥിതി തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് പ്രമോദ്. 'തന്‍റെ തല ഉരുണ്ടാൽ തന്നെ കരുവാക്കിയവരുടെ തലയും ഉരുളും, ബലിയാടാവാൻ തന്നെ കിട്ടില്ലെന്നും പ്രമോദ് സൂചിപ്പിച്ചു. വിഷയം സങ്കീർണമായാൽ കോഴിക്കോട്ടെ സിപിഎമ്മിൽ അത് വലിയ പൊട്ടിത്തെറിക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പങ്കു വെക്കുന്നത്.