തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്‌റ്റ് പരിഷ്‌കാരത്തിൽ ഇളവുകൾ വരുത്തി പുതിയ സർക്കുലർ ഇറക്കിയെങ്കിലും ഇന്നും ഡ്രൈവിങ് ടെസ്‌റ്റുകള്‍ മുടങ്ങി. ടെസ്‌റ്റ് ബഹിഷ്ക്കരണത്തിൽ നിന്ന് സിഐടിയു പിന്മാറിയെങ്കിലും ഐഎൻടിയുസി, ബിഎംഎസ് എന്നിവയ്‌ക്കൊപ്പം മറ്റ് ചില സ്വതന്ത്ര സംഘടനകളും ബഹിഷ്‌കരണം തുടരുകയാണ്.
മുട്ടത്തറയിലെ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്‌റ്റ് കേന്ദ്രത്തിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ സമരപ്പന്തൽ കെട്ടി പ്രതിഷേധം തുടരുകയാണ്. അശാസ്‌ത്രീയവും അപ്രായോഗീകവുമായ ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്ക്കരണത്തിൽ നിന്ന് ഗതാഗത വകുപ്പ് പിന്മാറണമെന്നാണ് ഇവരുടെ ആവശ്യം. പുതുക്കിയ സർക്കുലർ പ്രകാരമുള്ള ചെറിയ ഇളവുകൾ അല്ല തങ്ങൾക്ക് ആവശ്യമെന്നും ഇവർ പറയുന്നു. സർക്കുലർ പൂർണമായും പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് സ്‌കൂൾ ഉടമകൾ.
ഫെബ്രുവരി നാലിന് ഗതാഗത കമ്മീഷണർ ഇറക്കിയ ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കാരം സംബന്ധിച്ച സർക്കുലറിൽ ഇളവുകൾ വരുത്തി മെയ് നാലിനാണ് പുതുക്കിയ സർക്കുലർ ഇറക്കിയത്. ഇതനുസരിച്ച് പ്രതിദിനം 40 ടെസ്‌റ്റ് നടത്താം.
ഡ്രൈവിങ് സ്‌കൂളുകള്‍ വ്യാപകമായി ഉപയോഗിച്ച വരുന്ന ഡ്രൈവറുടെ അടുത്ത സീറ്റിലിരുന്ന് വാഹനത്തിന്‍റെ ബ്രേക്കും ക്ലച്ചും നിയന്ത്രിക്കാന്‍ കഴിയുന്ന ഡ്യുവല്‍ ക്ലച്ച് ആന്‍റ് ബ്രേക്ക് സിസ്‌റ്റം ഘടിപ്പിച്ച വാഹനങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ മാറ്റണം. ഡാഷ് ബോര്‍ഡ് ക്യാമറ, സെന്‍സര്‍ എന്നിവ ഘടിപ്പിക്കാന്‍ മൂന്ന് മാസവും 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം വന്ന വാഹനങ്ങളില്‍ ടെസ്‌റ്റ് നടത്താന്‍ ആറ് മാസം ഇളവുംനൽകിയിട്ടുണ്ട്. അതേസമയം പുതുക്കിയ സർക്കുലർ പ്രകാരം ടെസ്‌റ്റ് നടത്താനുള്ള തയാറെടുപ്പിലാണ് മോട്ടോർ വാഹനവകുപ്പ്.
Also Read: ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം : ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലറിന് ഹൈക്കോടതി സ്‌റ്റേ ഇല്ല