കോഴിക്കോട്: ചാത്തമംഗലം എൻഐടിയിൽ സാനിറ്റേഷൻ വിഭാഗം ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും പ്രതിഷേധം. കോളജിലേക്ക് പുതിയ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സാനിറ്റേഷൻ വിഭാഗത്തിലേക്കുള്ള ജീവനക്കാരെയും സെക്യൂരിറ്റിമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള ഇന്‍റര്‍വ്യൂ നടക്കുന്നതിനിടെയാണ് ജീവനക്കാര്‍ പ്രതിഷേധവുമായെത്തിയത്.
ഇന്ന് (ജൂണ്‍ 24) രാവിലെ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഇരുന്നൂറോളം ഉദ്യോഗാര്‍ഥികള്‍ എത്തിയിരുന്നു. ഇതിനിടെ പ്രതിഷേധവുമായെത്തിയ സംഘം ഗേറ്റിന് മുമ്പില്‍ ഉപരോധം സംഘടിപ്പിച്ചു. പുതുതായി ജോലിക്കെത്തിയ സ്ത്രീകളും പുരുഷന്മാരും അടക്കമുള്ളവരെയും കരാറെടുത്ത കമ്പനി പ്രതിനിധികളെയും എൻഐടിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ഗേറ്റിന് മുന്നിൽ തടഞ്ഞു. ഇത് ഏറെനേരം പ്രതിഷേധത്തിന് ഇടയാക്കി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നിലവിലെ ജീവനക്കാരെ പുറത്താക്കാനുള്ള നടപടി അംഗീകരിക്കില്ലെന്ന് ജീവനക്കാർ പറഞ്ഞു.
പുതിയ കരാർ കമ്പനി എത്തിയതോടെയാണ് എൻഐടിയിലെ പ്രശ്‌നങ്ങൾക്ക് തുടക്കമായത്. നേരത്തെ 60 വയസ് വരെ ജോലി നൽകിയിരുന്ന സ്ഥാനത്ത് 55 വയസിനുശേഷം ജീവനക്കാർ പുറത്ത് പോകണമെന്ന് നോട്ടിസ് നൽകിയതോടെയാണ് പ്രതിഷേധമുയർന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് എൻഐടിക്ക് മുന്നിൽ ബാരിക്കേഡ് തീർത്തു.
ALSO READ : കരാര്‍ കമ്പനി വിരമിക്കല്‍ പ്രായം കുറച്ചു; സമരവുമായി എൻഐടിയിലെ സെക്യൂരിറ്റി, സാനിറ്റേഷൻ ജീവനക്കാർ