ഇടുക്കി: സഞ്ചാരികൾ ഒഴുകിയെത്തുന്ന മധ്യവേനലവധിക്കാലവും ഈസ്‌റ്ററും ആയിട്ടും ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. അണക്കെട്ടുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ട് മാസങ്ങളായി. സഞ്ചാരികളിലൊരാൾ ഡാമിൽ കടന്ന് താഴിട്ടു പൂട്ടിയതിനെ തുടർന്ന് സുരക്ഷ ക്രമീകരണങ്ങളുടെ പേരിലാണ് അണക്കെട്ടിലേക്ക് പ്രവേശനം നിരോധിച്ചത്.
ഇടുക്കി അണക്കെട്ടിലെ സുരക്ഷ മറികടന്നെത്തിയ സഞ്ചാരികളിലൊരാൾ പതിനൊന്ന് സ്ഥലത്ത് താഴിട്ടു പൂട്ടിയത് സെപ്റ്റംബർ ഏഴിനാണ് കെഎസ്ഇബി കണ്ടെത്തിയത്. ഇതോടെ അണക്കെട്ടിലേക്കുള്ള സന്ദർശനം നിരോധിക്കുകയായിരുന്നു. തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് ക്രിസ്‌മസ് പുതുവത്സരം പ്രമാണിച്ച് പത്തു ദിവസം സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ ഡാമുകൾക്ക് മുകളിലൂടെയുള്ള കാൽനടയാത്രയ്‌ക്ക് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെ കെഎസ്ഇബി ഹൈഡൽ ടൂറിസം വിഭാഗത്തിന്‍റെ ബഗ്ഗി കാറിലാണ് സഞ്ചാരികളെ കൊണ്ടു പോയിരുന്നത്. ഡിസംബർ 31 ന് ഇതും അവസാനിപ്പിച്ചു.
ഇതോടെ അണക്കെട്ട് കാണാൻ അവസരമില്ലാത്തതിനാൽ ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. ടൂറിസം രംഗത്തു നിന്നു കിട്ടിയിരുന്ന വരുമാനവും നിലച്ചതോടെ ചെറുതോണിക്കാർ കടുത്ത പ്രതിസന്ധിയിലായി. സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ പിരിച്ചു വിടാനും തുടങ്ങി. നിരവധി നിവേദനങ്ങൾ നൽകിയിട്ടും അനുകൂല തീരുമാനം ഉണ്ടായില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
മതിയായ സുരക്ഷ ക്രമീകരണങ്ങളോടെ സഞ്ചാരികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ചെറുതോണിയിലെ വ്യാപാരികളുടെയും ടൂറിസം രംഗത്തുള്ളവരുടെയും തീരുമാനം.
Also Read: കടുത്ത വേനലിലും ആശ്വാസമേകി കാവേരി: കുളിരു തേടി സഞ്ചാരികളുടെ തിരക്ക്