കോഴിക്കോട്: ചാത്തമംഗലത്തെ എൻഐടി ക്യാമ്പസിന് നടുവിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയിൽ അവകാശമുന്നയിച്ച് എൻഐടി മാനേജ്മെന്‍റ് ബോർഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികളാണ് എൻഐടി ക്യാമ്പസിനു മുന്നിൽ പ്രതിഷേധിച്ചത്. കോഴിക്കോട് നിന്നും കുന്ദമംഗലം, മുക്കം വഴി പോകുന്ന സംസ്ഥാനപാതയിൽ എൻഐടി ക്യാമ്പസിന് സമീപം അവകാശവാദം ഉന്നയിച്ച് മാനേജ്മെന്‍റ് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്.
നിവേദനം നൽകാനായി ക്യാമ്പസിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചവരെ പ്രധാന കവാടത്തിന് മുന്നിൽ തടഞ്ഞു. ഇത് ഇരുവിഭാഗങ്ങളുമായി തർക്കത്തിന് ഇടയാക്കി. വിവരമറിഞ്ഞ് കുന്ദമംഗലം പൊലീസും സ്ഥലത്തെത്തി. പൊലീസ് ജനപ്രതിനിധികളും മാനേജ്മെൻ്റുമായി സംസാരിച്ചതിന് ശേഷം എൻ ഐ ടി ഡയറക്‌ടർ പ്രസാദ് കൃഷ്‌ണയുമായി ചർച്ച നടത്തി.
നിലവിൽ പ്രവൃത്തി നടക്കുന്ന ചാത്തമംഗലം പന്ത്രണ്ടാം മൈൽ മുതൽ കമ്പനിമുക്ക് വരെയുള്ള റോഡിൻ്റെ നിർമാണം പൂർത്തീകരിക്കുന്ന ഘട്ടത്തിൽ എൻഐടി ബോർഡ് വെച്ച സംസ്ഥാനപാതയുടെ പന്ത്രണ്ടാം മൈൽ മുതൽ കാട്ടാങ്ങൽ വരെയുള്ള ഭാഗം അടച്ചുപൂട്ടുമെന്ന് ഡയറക്‌ടർ ചർച്ചയിൽ പറഞ്ഞു. ഇതോടെ 15-ാം തീയതി നടക്കുന്ന ബഹുജന റാലി ഉൾപ്പെടെയുള്ള സമരങ്ങൾ ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.
Also Read: സംസ്ഥാനപാതയിൽ അവകാശവാദം ഉന്നയിച്ച് കോഴിക്കോട് എൻഐടിയുടെ ബോര്‍ഡ്; വിവാദം