വയനാട്: തെരഞ്ഞെടുപ്പാവേശത്തിൽ വയനാട്. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണത്തിനായി നവംബർ മൂന്നിന് വയനാട്ടിലെത്തും. നവംബർ മൂന്ന് മുതൽ ഏഴ് വരെയായി നാല് ദിവസത്തെ പ്രചാരണത്തിനായാണ് പ്രിയങ്ക ഗാന്ധി ജില്ലയിലെത്തുന്നത്.
നവംബർ മൂന്ന്, നാല് തീയതികളിൽ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ നിയോജക മണ്ഡലത്തിലും അഞ്ച്, ആറ്, ഏഴ് തീയതികളിൽ തിരുവമ്പാടി, വണ്ടൂർ, ഏറനാട്, നിലമ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിലും പ്രിയങ്ക ഗാന്ധി പര്യടനം നടത്തും. പ്രിയങ്കയുടെ വിവിധ പ്രചാരണ പരിപാടികളിൽ കോൺഗ്രസ് ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
പ്രിയങ്കയുടെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിലെത്തുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്. അതേസമയം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ ആറിന് വയനാട്ടിലെത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രിയങ്ക ഗാന്ധി ഒക്ടോബർ 28, 29 തീയതികളിലായി നടത്തിയ ഒന്നാംഘട്ട പ്രചാരണത്തിൽ വിവിധയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. മീനങ്ങാടി, പനമരം, പൊഴുതന, ഈങ്ങാപ്പുഴ, ഊർങ്ങാട്ടിരി, മമ്പാട്, ചുങ്കത്തറ എന്നിവിടങ്ങളിലായിരുന്നു അന്ന് പ്രചാരണം നടത്തിയത്.
ഒക്ടോബർ 23നാണ് പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. അന്നത്തെ പൊതുസമ്മേളനത്തിൽ പ്രിയങ്ക രാഷ്ട്രീയം സംസാരിച്ചില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഉൾപ്പെടെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഒന്നാംഘട്ട പ്രചാരണത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു.
ചൂരലമല ഉരുൾപൊട്ടൽ പുനരധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന മെല്ലെ പോക്കിനെയും കേന്ദ്രം ഫണ്ട് പ്രഖ്യാപിക്കാത്തതിനെയും പ്രിയങ്ക ചോദ്യം ചെയ്‌തു. വയനാടിന് ആവശ്യമായ മെഡിക്കൽ കോളജ് വിഷയത്തിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
വന്യജീവി മനുഷ്യ സംഘർഷം, ഭൂമി പ്രശ്‌നം, കൃഷി, ടൂറിസം ഉൾപ്പെടെ പല വിഷയങ്ങളും ഉയർത്തി കാണിച്ച് നടത്തിയ പ്രസംഗങ്ങളിൽ പ്രിയങ്ക തന്‍റെ ഇടപെടൽ വയനാട്ടുകാർക്ക് ഉറപ്പുനൽകിയിട്ടുമുണ്ട്. പ്രചാരണത്തിൽ ആദ്യം കളംപിടിച്ച സത്യൻ മൊകേരിയെയും, ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസിനെയും പിന്തള്ളികൊണ്ട് ഒരൊറ്റ വരവ് കൊണ്ട് തന്നെ പ്രിയങ്ക പ്രചാരണത്തിൽ ഏറെ മുന്നിലാണ്.