തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎം മന്ത്രിമാരായിരിക്കുന്നവരില്‍ ബഹു ഭൂരിപക്ഷവും അവരുടെ വിദ്യാര്‍ഥി, യുവജന സംഘടനാ കാലഘട്ടങ്ങളില്‍ അതത് കാലത്തെ യുഡിഎഫ് സര്‍ക്കാരുകളുടെ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ വത്കരണത്തിനെതിരെ ശക്തമായി പ്രക്ഷോഭം നയിച്ചവരായിരുന്നു. എന്നാല്‍ ഇന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണം എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വന്‍ നയം മാറ്റത്തെ അനുകൂലിക്കേണ്ട ഗതികേടിലാണ് അവരെല്ലാം.
മാത്രമല്ല, ഇന്ത്യന്‍ വിദ്യാഭ്യാസ രംഗം വിദേശ സര്‍വ്വകലാശാലകള്‍ക്ക് തുറന്നു കൊടുക്കാനുള്ള യുജിസി തീരുമാനം ഉള്‍പ്പെടെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കേന്ദ്ര വിദ്യാഭ്യാസ നയത്തെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അവര്‍ ഭരിക്കുന്ന ഏക സംസ്ഥാനമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ നയത്തിന്‍റെ ചുവടു പിടിക്കുന്നതെന്നതും ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.
1997 ല്‍ സിപിഎമ്മിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി അക്കാലങ്ങളിലെല്ലാം വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ ഇടപെടലിനു വേണ്ടി ശക്തമായി വാദിച്ചിരുന്നു. സ്വകാര്യവത്കരണത്തെ ശക്തമായി എതിര്‍ക്കുക കൂടി ചെയ്‌തിരുന്ന നേതാവായിരുന്നു. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
അദ്ദേഹം എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്ന സമയത്താണ് 1982-87 കാലത്തെ കെ കരുണാകരന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ പൊളിടെക്‌നിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിനെതിരെ വിദ്യാലയങ്ങള്‍ സ്‌തംഭിപ്പിച്ചുകൊണ്ട് മാസങ്ങളോളം പഠിപ്പു മുടക്കു സമരം നടത്തിയത്. തുടര്‍ന്ന് അന്നത്തെ സര്‍ക്കാരിന് തീരുമാനം പിന്‍വലിക്കേണ്ടിവന്നിരുന്നു.
തിരുവനന്തപുരം കാര്‍മല്‍ കോണ്‍വെന്‍റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ മാതാവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം സ്വകാര്യ-അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് എസ്എഫ്‌ഐ വന്‍ പ്രക്ഷോഭം അഴിച്ചു വിട്ടതും ശിവന്‍കുട്ടി എസ്എഫ്‌ഐ നേതാവായിരിക്കെയാണ്. മന്ത്രിമാരായ സജി ചെറിയാന്‍, എം ബി രാജേഷ്, പി രാജീവ്, വി എന്‍ വാസവന്‍ എന്നിവരും എസ്എഫ്‌ഐയെ മുന്നില്‍ നിന്ന് നയിച്ച നേതാക്കളായിരുന്നു. ഇത്രയധികം പഴയ കാല എസ്എഫ്‌ഐ നേതാക്കള്‍ തിങ്ങി നിറഞ്ഞ ഒരു ഇടത് മന്ത്രിസഭയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് വിദേശത്തു നിന്നുള്ളതടക്കമുള്ള സ്വകാര്യ സര്‍വ്വകലാശാലകളെ സംസ്ഥാനത്തേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചത്.
ഫീസ് നിശ്ചയിക്കാനും അധ്യാപകരെ നിയമിക്കാനും സ്വയം ഭരണാധികാരം നല്‍കി വിദേശ സര്‍വ്വകലാശാല കാമ്പസുകള്‍ സ്ഥാപിക്കാനുള്ള യുജിസി നീക്കത്തെ എതിര്‍ത്തുകൊണ്ട് സിപിഎം പൊളിറ്റ് ബ്യൂറോ 2023 ജനുവരി 7 ന് പ്രമേയം പാസാക്കുകയും ചെയ്‌തതാണ്. ഇതില്‍ നിന്നുള്ള ശക്തമായ നയ വ്യതിയാനമാണ് 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദ്ദേശം എന്നത് പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
സിപിഎം നയങ്ങളില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള ബജറ്റ് തയ്യാറാക്കും മുന്‍പ് ധനമന്ത്രിക്ക് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അംഗീകാരം ലഭിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് സാമൂഹിക നിയന്ത്രണത്തെ അടിസ്ഥാനമാക്കി നമുക്ക് എങ്ങനെ വിദ്യാഭ്യാ മേഖലയില്‍ സ്വകാര്യ മൂലധനത്തെ ഉപയോഗിക്കാം എന്നതാണ് സര്‍ക്കാരിനു മുന്നിലുള്ളതെന്നും, ഇക്കാര്യത്തില്‍ എല്ലാ മേഖലകളില്‍ നിന്നും ചര്‍ച്ചകള്‍ ഉയര്‍ന്നു വരട്ടെയെന്നും ഗോവിന്ദന്‍ വ്യക്തമാക്കിയതില്‍ നിന്ന് ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാണ്.
ഇത്തരത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ നയപരമായ മാറ്റത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ കുരുക്കള്‍ക്ക് ഇക്കാര്യത്തില്‍ ശക്തമായ വിയോജിപ്പുള്ളതായും അറിയുന്നു. പൊതുവേ രണ്ട് പിണറായി സര്‍ക്കാരുകളും ഇടത് നയങ്ങള്‍ ഉപേക്ഷിച്ച് വലത് വ്യതിയാനത്തിലേക്ക് നീങ്ങുന്നു എന്ന പ്രതിപക്ഷത്തിന്‍റെ ശക്തമായ വിമര്‍ശനം ഉയരുമ്പോഴാണ് ധനമന്ത്രി ആ വാദത്തിന് അടിവരയിടുന്ന പ്രഖ്യാപനം ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. ഫെബ്രുവരി 12 മുതല്‍ 15 വരെ നടക്കുന്ന ബജറ്റ് ചര്‍ച്ചയില്‍ തീപാറുന്ന വാഗ്വാദങ്ങളായിരിക്കും ഉയരുക എന്നത് വ്യക്തം.