ഇടുക്കി: ജില്ലയിൽ സർക്കാർ ഭൂമി കയ്യേറി സ്വകാര്യ വ്യക്തിയുടെ കാരവൻ പാർക്ക് നിർമാണം. കേരള - തമിഴ്‌നാട് അതിർത്തിയിൽ ഉടുമ്പൻചോലക്ക് സമീപമുള്ള മാൻകുത്തി മേട്ടിലാണ് സംഭവം. സർക്കാർ ഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കാൻ ഒരുമാസം മുൻപ് സർക്കാർ ഉത്തരവിട്ടിട്ടും നടപടിയൊന്നുമായില്ല.
മാൻകുത്തി മേട്ടിൽ 2022ലാണ് സർക്കാരിന്‍റെ കാരവൻ ടൂറിസം പോളിസി പ്രകാരം കാരവൻ പാർക്ക് സ്ഥാപിക്കാൻ കറുകച്ചാൽ സ്വദേശി മൂന്നേക്കർ കൃഷി ഭൂമി വാങ്ങിയത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയതാണ് സ്ഥലം. ഇവിടെ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമാണങ്ങൾ നടത്താൻ പാടില്ലാത്തതിനാൽ കഴിഞ്ഞ ഓഗസ്റ്റിൽ ചതുരംഗപ്പാറ വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകി.
പിന്നാലെ ഉടമ ഹൈക്കോടതിയെ സമീപിച്ചു. തൽസ്ഥിതി തുടരാനും പരിശോധിച്ച് നടപടിയെടുക്കാനും റവന്യൂ വകുപ്പിനോട് കോടതി നിർദേശിച്ചു. ഇതവഗണിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടർന്നതോടെ ഡിസംബറിൽ രണ്ടാമതും സ്റ്റോപ്പ് മെമ്മോ നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാൽപ്പത് സെന്‍റ് സർക്കാർ ഭൂമിയും കയ്യേറിയാണ് നിർമാണമെന്ന് കണ്ടെത്തിയത്.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും രണ്ടു ടെന്‍റുകളും കാരവനും കെഎസ്ആർടിസി ബസിന്‍റെ ബോഡിയും സർക്കാർ ഭൂമിയിലാണെന്ന് കണ്ടെത്തി. ചട്ടം ലംഘിച്ചുള്ള നിർമാണങ്ങൾ നീക്കാനും കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാനും കഴിഞ്ഞ മാസം മൂന്നിന് സർക്കാർ ഉത്തരവിട്ടു. സ്വകാര്യ വ്യക്തിയുടെ കയ്യിലുള്ള സ്ഥലത്തിന്‍റെ സർവേ നമ്പറിലും വ്യത്യാസമുണ്ടെന്ന് റവന്യൂ വകുപ്പിന്‍റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
കയ്യേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകി ആഴ്‌ചകൾ കഴിഞ്ഞിട്ടും നടപടിയൊന്നുമായില്ല. റവന്യൂ വകുപ്പ് നടത്തിയ സർവേയിൽ തെറ്റുണ്ടെന്നും വീണ്ടും സ്ഥലമളക്കണമെന്നും കാണിച്ച് ഉടമ ഉടുമ്പൻചോല തഹസിൽദാർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ജില്ല കളക്‌ടർ ഇത് സർവേ ഡെപ്യൂട്ടി ഡയർറക്‌ടർക്ക് കൈമാറി. അടുത്ത ദിവസം തന്നെ കയ്യേറ്റമൊഴിപ്പിക്കാനുള്ള നടപടികൾ സ്വകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം.
ALSO READ: 'ഷവർ ബിൽഡിങ്'; പി ആൻഡ് ടി കോളനി നിവാസികൾക്കായി പണിത ഫ്ലാറ്റ് ചോർന്നതിൽ പരിഹാസവുമായി ഹൈക്കോടതി