കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്‌ടറെ മർദിച്ച സംഭവത്തില്‍ മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് വിദ്യാർഥിനി. കണ്ടക്‌ടർ മോശമായി പെരുമാറിയെന്നു വിദ്യാർഥിനി പറഞ്ഞു. ആരുടെ കൂടെ കറങ്ങാൻ പോയതാണെന്നു കണ്ടക്‌ടർ ചോദിച്ചെന്നും വിദ്യാർഥിനി പറഞ്ഞു.
സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോയ വിദ്യാർഥിനിയോട് അപമര്യാദമായി പെരുമാറിയെന്ന പേരിൽ വിദ്യാർഥിനിയുടെ സഹോദരന്മാരും ബന്ധുക്കളും ചേർന്ന് കണ്ടക്‌ടറെ മർദിച്ചുവെന്നാണ് പരാതി. എന്നാൽ വിദ്യാർഥിനിയോട് മോശമായി സംസാരിച്ചിട്ടില്ല എന്നാണ് ബസ് കണ്ടക്‌ടർ പ്രദീപ് പറഞ്ഞിരുന്നത്.
കൺസഷൻ കാർഡും യൂണിഫോമും ഇല്ലാത്തതിനാൽ എസ്‌ടി തരാൻ പറ്റില്ലയെന്നു മാത്രമാണ് പറഞ്ഞതെന്നായിരുന്നു കണ്ടക്‌ടർ പറഞ്ഞിരുന്നത്. ഇതിൽ പ്രതികരണവുമായാണ് വിദ്യാർഥിനി മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങൾക്ക് മുൻപിൽ പെൺകുട്ടി പൊട്ടിക്കരഞ്ഞു.
കാമുകൻ്റെ കൂടെ കറങ്ങാൻ പോയതല്ലേയെന്നും നിന്നെ കണ്ടാലേ കറങ്ങാൻ പോയതാണെന്നറിയാമെന്നുമാണ് കണ്ടക്‌ടർ പറഞ്ഞതെന്നും പെൺകുട്ടി പറഞ്ഞു.
അച്ഛൻ മരിച്ചുപോയി, അമ്മ വിദേശത്താണ്. സഹോദരന്മാരോട് പറഞ്ഞപ്പോൾ അവര്‍ ചോദിക്കാന്‍ എത്തിയതാണ്. ഞാൻ കണ്ടക്‌ടറോട് മോശമായി പെരുമാറുകയോ മർദിക്കുകയോ ചെയ്‌തിട്ടില്ല.
യൂണിഫോം കിട്ടാത്തതു കൊണ്ട് ഇട്ടിരുന്നില്ലയെന്നും, ബാഗ് സീറ്റിൽ ഇരുന്ന യാത്രക്കാരിയുടെ കയ്യിൽ കൊടുത്തിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. ആസമയം കയ്യിൽ കൺസഷൻ കാർഡ് ഉണ്ടായിരുന്നില്ലയെന്നും പെൺകുട്ടി പറഞ്ഞു. ഇതുകൊണ്ടാണ് സ്‌കൂൾ വിദ്യാർഥി അല്ല എന്ന് തെറ്റിദ്ധരിച്ചത്.
ALSO READ: കൺസഷൻ കാർഡോ യൂണിഫോമോ ഇല്ലാതെ വിദ്യാര്‍ഥിനിയുടെ യാത്ര; ചോദ്യം ചെയ്‌ത കണ്ടക്‌ടര്‍ക്ക് ക്രൂര മര്‍ദനം