കാസർകോട് : ഓരിലത്താമരയുടെ സാന്നിധ്യം ഇടയിലെക്കാട് കാവിൽ കുറയുന്നതായി കണ്ടെത്തൽ. ലോക പ്രകൃതിസംരക്ഷണ ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഓരിലത്താമര നിരീക്ഷണത്തിലാണ് കണ്ടെത്തൽ. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് നിരീക്ഷണം നടത്തിയത്.
ഇടയിലെക്കാട് കാവിന്‍റെ ജൈവവൈവിധ്യ സമ്പന്നതയിൽ സവിശേഷ പ്രാധാന്യമുള്ള ഒരു ഇനമാണ് ഓരിലത്താമര. വംശനാശ ഭീഷണി നേരിടുന്ന നീല ഓർക്കിഡ് വിഭാഗത്തിൽ പെടുന്ന രണ്ടിനങ്ങളാണ് ഇവിടെയുള്ളത്. നെർവീലിയ പ്രൈനിയാന, നേർ വീലിയ ഇൻഫുൻഡി ബൈഫോളിയ. ഈ ഓരിലത്താമരകളെയാണ് കുട്ടികൾ പരിസ്ഥിതി പ്രവർത്തകരുടെയും ഗ്രന്ഥാലയം പ്രവർത്തകരുടെയും നേതൃത്വത്തിൽ നിരീക്ഷിച്ചത്.
വേനലിൽ ഭൂമിക്കടിയിൽ സുഷുപ്‌താവസ്ഥയിൽ കിടക്കുന്ന കിഴങ്ങുകൾ മഴക്കാലത്ത് മുളച്ച് പിങ്ക് നിറമുള്ള ഒരു പൂവോടെയാണ് ആദ്യം പ്രത്യക്ഷപ്പെടുക. പൂവ് ഉണങ്ങി കൊഴിയുന്നതോടെ ഒരാഴ്‌ചയ്ക്ക് ശേഷം ശരാശരി ആറ് സെന്‍റീമീറ്റർ വ്യാസമുള്ള ഓരില പ്രത്യക്ഷപ്പെടും. താമര ഇലയോട് സാദൃശ്യമുള്ളതാണ് ഇതിന്‍റെ കടും പച്ചനിറമുള്ള ഇല.
വൃക്ക, ത്വക് രോഗങ്ങൾക്കുള്ള സിദ്ധൗഷധമായി ഇതിന്‍റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കാവിനകത്ത് അമിതമായി വെള്ളം കെട്ടി നിൽക്കുന്നതും ചെങ്കല്ലുകളിൽ നിന്നുള്ള രാസവസ്തു സാന്നിധ്യവും കാവിനകത്തെ വഴികൾക്ക് പകരം ചെടികൾക്കിടയിലൂടെയുള്ള മനുഷ്യ സഞ്ചാരവും ഓരിലത്താമരയുടെ എണ്ണം കുറയ്ക്കുന്നതായി നിരീക്ഷണത്തിൽ തെളിഞ്ഞു.
മുൻവർഷങ്ങളിൽ തുരുത്തുകൾ പോലെ ഓരിലത്താമരകൾ പ്രത്യക്ഷപ്പെട്ട ഇടങ്ങളിൽ ഇപ്പോൾ വെള്ളം കെട്ടിനിൽക്കുകയാണ്. സഞ്ചാരികൾ കാവിനകത്തും പുറത്തും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ നിരീക്ഷണത്തിനിടയിൽ കുട്ടികൾ നീക്കം ചെയ്‌തു. വരും ദിനങ്ങളിൽ ഇവയെ സംരക്ഷിക്കാനാവശ്യമായ പ്രവർത്തനങ്ങൾക്ക് ഗ്രന്ഥശാല - ബാലവേദി പ്രവർത്തകർ നേതൃത്വം നൽകും.
പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം, ഹൊസ്‌ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് പി വേണുഗോപാലൻ, പാരമ്പര്യ വൈദ്യൻ കെ വി കൃഷ്‌ണപ്രസാദ് എന്നിവർ ക്ലാസെടുത്തു. ഗ്രന്ഥാലയം സെക്രട്ടറി വി കെ കരുണാകരൻ, പ്രസിഡന്‍റ് കെ സത്യവ്രതൻ, ബാലവേദി കൺവീനർ എം ബാബു, എം മോഹനൻ, എ സുമേഷ്, സി ജലജ എന്നിവർ സംസാരിച്ചു.