എറണാകുളം : മലയാളികൾ ഏറെ ഇഷ്‌ടപ്പെടുന്ന ഗായകനാണ് ഉദിത് നാരായണ്‍. അന്യ ഭാഷക്കാരനാണെങ്കിലും ഉദിത് പാടി ഹിറ്റാക്കിയ അനേകം ഗാനങ്ങൾ മലയാള സിനിമയിലുണ്ട്. ഉദിതിന്‍റെ ഗാനങ്ങൾ മിക്കതും മലയാളികൾക്ക് മുന്നിലെത്തിയത് ദിലീപ് ചിത്രങ്ങളിലൂടെയാണ്. അത്തരത്തിൽ ഹിറ്റായ ഉദിത് നാരായണിന്‍റെ ഒരുപിടി ഗാനങ്ങൾ പാടി സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ് ഒരു ആലപ്പുഴക്കാരൻ.
ആലപ്പുഴ മാന്നാർ സ്വദേശിയായ പ്രതീഷ് നായരാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. അടുത്തിടെ ഒരു സ്വകാര്യ ചാനലിലെ സ്പെഷ്യൽ ടാലന്‍റ് പെർഫോമൻസ് പരിപാടിയിൽ പങ്കെടുത്തതോടെ പ്രതീഷ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായത്. കുട്ടിക്കാലം മുതൽക്ക് തന്നെ സംഗീതത്തോട് അഭിനിവേശം ഉണ്ടായിരുന്ന പ്രതീഷ് ക്രിസ്ത്യൻ ഡിവോഷണൽ ആൽബങ്ങൾ ചെയ്‌തുകൊണ്ടാണ് സംഗീത ലോകത്തേക്ക് കടന്നുവരുന്നത്.
സോഷ്യൽ മീഡിയ മികച്ചൊരു മാധ്യമമായതോടെ തന്നെപ്പോലുള്ള കലാകാരന്മാർക്ക് വലിയൊരു ലോകം പെട്ടെന്ന് തുറന്നു കിട്ടിയത് പോലെയായി. അച്ഛനാണ് തന്‍റെ പ്രധാന നിരൂപകൻ. ശബ്‌ദത്തിൽ ഉദിത് നാരായണിന്‍റെ സാമ്യം കണ്ടെത്തിയതും അച്ഛൻ തന്നെ. ഉദിത് നാരായണ്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി പാടിയിട്ടുള്ള ഒട്ടുമിക്ക ഗാനങ്ങളും പ്രതീഷ് അദ്ദേഹത്തിന്‍റെ തന്നെ ശബ്‌ദത്തിൽ പാടി തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഉദിത് നാരായണിന്‍റെ ശബ്‌ദത്തോടുള്ള സാമ്യത തന്നെയാണ് പ്രതീഷിനെ വ്യത്യസ്‌തനാക്കുന്നതും ശ്രദ്ധേയനാക്കുന്നതും. അച്ഛന്‍റെ മുന്നിൽ പാടിക്കേൽപ്പിച്ച ശേഷമാണ് സൃഷ്‌ടികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളൂ. സംഗീത വഴിയെ സഞ്ചരിക്കുന്നതിന് സുഹൃത്തുക്കളുടെ വലിയ പിന്തുണ കൂടെയുണ്ട്. ജീവിതം സംഗീത ലോകത്ത് പറിച്ചുനടാൻ തന്നെയാണ് പ്രതീഷിന്‍റെ തീരുമാനം. പക്ഷേ ജീവിതം എന്ന യാഥാർഥ്യത്തിൽ സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാൻ ധാരാളം കടമ്പകൾ കടക്കേണ്ടതുണ്ട് പ്രതീഷിന്.
അതുകൊണ്ടുതന്നെ സംഗീതത്തോടൊപ്പം തൊഴിലും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. തൊഴിൽ ആവശ്യങ്ങൾക്കായി ഇപ്പോൾ ബെംഗളൂരുവിലാണ് പ്രതീഷ് ഉള്ളത്. അർജിത് സിങ്ങിന്‍റെ ശബ്‌ദത്തിലും പ്രതീഷ് ഒരു കൈ നോക്കിയിട്ടുണ്ട്. സ്വന്തം ശബ്‌ദത്തിൽ മികച്ച ഗാനങ്ങൾക്ക് ജീവൻ കൊടുക്കാൻ തന്നെയാണ് ഇനിയുള്ള യാത്രയെന്നും പ്രതീഷ് ഇടിവി ഭാരതിനോട് പറഞ്ഞു.