കാസർകോട് : കവിത എഴുതാൻ ഇരുന്നാൽ പിന്നെ പ്രകാശന്‍റെ മനസ് മുഴുവൻ കാടാണ്. വനത്തിന്‍റെ സൗന്ദര്യം പ്രകാശന്‍റെ കവിതയിൽ നിറഞ്ഞു നിൽക്കും. ഒപ്പം പഠിച്ചവർ പത്താം ക്ലാസിലേക്ക് നടന്നുകയറിയപ്പോൾ പ്രകാശൻ അച്‌ഛന്‍റെ കൈ പിടിച്ച് നടന്നു കയറിയത് നാട്ടിലെ കമുകിൻതോട്ടങ്ങളിലേക്കാണ്. സാമ്പത്തിക പ്രയാസം കാരണം പ്രകാശൻ അടയ്ക്ക പെറുക്കുന്ന ജോലിയിലേക്ക് പോയി. അതോടെ പഠനം നിലച്ചു.
അന്നുമുതൽ ഇന്നുവരെ കൂലിപ്പണിയാണ് പ്രകാശന്‍റെ വരുമാന മാർഗം. പഠനം നിർത്തിയെങ്കിലും കവിത പ്രകാശന്‍റെ മനസിൽ നിന്ന് മാഞ്ഞിരുന്നില്ല. ജോലി കഴിഞ്ഞുവന്നാൽ പിന്നെ അക്ഷരങ്ങൾ കൂട്ടി ചേർക്കുന്ന പരിപാടിയിലേക്ക് അദ്ദേഹം കടക്കും. ആ കവിതകളിൽ ഒന്ന് ഇനി ഏഴാം ക്ലാസിലെ നമ്മുടെ കുട്ടികളും പഠിക്കും.
ബളാൽ അത്തിക്കടവിലെ ശങ്കരൻ – കുമ്പ ദമ്പതികളുടെ മകനായ പ്രകാശന്‍റെ ‘കാട് ആരത്?’ എന്ന കവിത ഇത്തവണത്തെ ഏഴാം ക്ലാസ് മലയാളം പാഠപുസ്‌തകത്തിലാണ് ഉള്ളത്. മലവേട്ടുവ സമുദായത്തിൽപ്പെട്ട പ്രകാശൻ ഗോത്രഭാഷയിലാണ് കവിതകളെഴുതുന്നത്. ആറാം ക്ലാസിൽ ‘ഓമനത്തിങ്കൾക്കിടാവോ’ എന്ന വരികൾ അധ്യാപകൻ ഈണത്തോടെ ആലപിക്കുന്നത് കേട്ടാണ് കവിതകളോട് ഇഷ്‌ടം കൂടാൻ കാരണം. അന്നുമുതൽ വായന ശീലമാക്കി.
ഗോത്രകവിതകൾ എന്ന സമാഹാരത്തിലെ പ്രകാശന്‍റെ 5 കവിതകളിലൊന്നാണ് പാഠപുസ്‌തക പരിഷ്‌കരണസമിതി തെരഞ്ഞെടുത്തത്. ഈ സമാഹാരം ഇംഗ്ലീഷിലേക്കും തമിഴിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. പാഠപുസ്‌തകത്തിലെ പ്രകാശന്‍റെ കവിതയ്ക്ക് അടുത്ത പേജിൽ മലയാള പരിഭാഷയും നൽകിയിട്ടുണ്ട്.
‘ഒച്ചയൊച്ച കല്ലുകളെ’ എന്ന പ്രകാശന്‍റെ കവിതാസമാഹാരം കഴിഞ്ഞവർഷമാണ് പുറത്തിറങ്ങിയത്. പ്രകാശ് ചെന്തളമെന്ന പേരിൽ ആനുകാലികങ്ങളിൽ അദ്ദേഹം കവിതകൾ എഴുതാറുണ്ട്. പ്രകാശനെഴുതിയ ഒട്ടേറെ നാടൻപാട്ടുകൾ ആൽബങ്ങളായിട്ടുണ്ട്. കോട്ടയത്ത് ചിത്രീകരണം പുരോഗമിക്കുന്ന പേരിടാത്ത സിനിമയ്ക്കായി 3 ഗാനങ്ങളും രചിച്ചു. ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.