കണ്ണൂർ: യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ പരസ്യമായി അപമാനിച്ചതില്‍ മനംനൊന്ത് കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയതില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിപക്ഷ സംഘടനകൾ ഒന്നടങ്കം പ്രതിഷേധം ശക്തമാക്കുമ്പോൾ പിപി ദിവ്യക്ക് രാജിവയ്‌ക്കേണ്ടി വരുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പദവിയില്‍ ഇനിയും ഒരു വര്‍ഷം കൂടി കാലാവധി ഉള്ളപ്പോഴാണ് പുതിയ വിവാദം എന്നതും ശ്രദ്ധേയമാണ്.
ദിവ്യക്കെതിരെ നടപടി വേണമെന്നാണ് നവീനിന്‍റെ കുടുംബവും ആവശ്യപ്പെട്ടത്. ഇതാദ്യമായല്ല കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ ഇത്തരം ഒരു ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസിന് ഇടവരുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ഏറെ വിവാദമുയർത്തിയ 2016ലെ കുട്ടിമാക്കൂൽ സംഭവത്തിൽ പിപി ദിവ്യക്ക് എതിരെ കേസെടുത്തതാണ്. ദലിത് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെയായിരുന്നു കേസ്.
സംഭവത്തിൽ അന്നത്തെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റും ഇന്നത്തെ സ്‌പീക്കറുമായ എഎൻ ഷംസീറിനെതിരെയും പിപി ദിവ്യയ്‌ക്ക് എതിരെയും കേസ് എടുത്തിരുന്നു. ദിവ്യ അന്ന് വഹിച്ച പദവി ആകട്ടെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റേതായിരുന്നു. കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന കുട്ടിമാക്കൂലിലെ എൻ.രാജന്‍റെ മകൾ അഞ്ജന ഡിവൈഎഫ്ഐ നേതാക്കൾ ചാനൽ ചർച്ചയ്ക്കിടയിൽ നടത്തിയ പരാമർശങ്ങളിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് കേസ്.
ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി കോടതിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. പിതാവ് രാജനെ മർദിച്ചതിനെക്കുറിച്ച് ചോദിക്കാൻ കുട്ടിമാക്കൂലിലെ സിപിഎം ഓഫിസിലെത്തിയ അഞ്ജനെയെയും സഹോദരിയെയും പാർട്ടി ഓഫിസിൽ കയറി പ്രവർത്തകരെ മർദിച്ചുവെന്ന കുറ്റം ചുമത്തി കൈക്കുഞ്ഞിനൊപ്പം ജയിലിൽ അടച്ചത് വിവാദമായിരുന്നു.
ജയിൽമോചിതരായ അന്ന് രാത്രിയാണ് ചാനൽ ചർച്ചയില്‍ ഈ കുടുംബത്തെ അപമാനിച്ച് ഷംസീറും ദിവ്യയും രംഗത്തെത്തിയത്. ഇതിൽ നടത്തിയ പരാമർശത്തിൽ മനംനൊന്താണ് അഞ്ജന ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തുടർന്ന് എഎൻ ഷംസീറിനെയും പിപി ദിവ്യയെയും പ്രതിയാക്കി പൊലീസ് കേസെടുത്തു.
ആത്മഹത്യാശ്രമത്തിന് യുവതിക്കെതിരെയും കേസെടുത്തിരുന്നു. പിന്നീട് ഷംസീറിനെ കേസിൽ നിന്ന് ഒഴിവാക്കി നേരത്തേ കേസ് അന്വേഷിച്ച ഡിവൈഎസ്‌പി സാജുപോൾ കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്‌തു. എന്നാല്‍ പിന്നീട് കേസ് എഴുതിത്തള്ളുകയും ചെയ്‌തു. യുവതിയെ ചികിത്സിച്ച ഡോക്‌ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് എഴുതിത്തള്ളിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
കൈക്കുഞ്ഞുമായി അഖിലയെ ജയിലിലടച്ചത് അന്ന് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവം കോൺഗ്രസ് ദേശീയ തലത്തിൽ വരെ ഉയർത്തിക്കൊണ്ടുവന്നിരുന്നു. 8 വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ല പഞ്ചായത്തിന്‍റെ ഉപാധ്യക്ഷ പദവിയില്‍ നിന്നും അധ്യക്ഷയുടെ കസേരയിലേക്ക് ദിവ്യ എത്തി. പക്ഷെ വാവിട്ട വാക്കിൽ കൈവിട്ടത് രാഷ്ട്രീയ ഭാവിയുടെ തന്നെ വലിയ ഫുൾ സ്റ്റോപ്പ് ആകുമോ എന്നത് കാത്തിരുന്നു കാണേണ്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സോഷ്യൽ മീഡിയയിൽ ഉൾപ്പടെ അതിരൂക്ഷ വിമർശനമാണ് പി.പി ദിവ്യക്കെതിരെ ഉയരുന്നത്. ദിവ്യയുടെ ഫേസ് ബുക്കിലെ കമന്‍റ് ബോക്‌സുകളില്‍ കുറ്റപ്പെടുത്തലുകളുടെ പെരുമഴയാണ്. ‘സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോൾ സന്തോഷമായില്ലേ? അതും ക്ഷണിക്കപ്പെടാത്ത ഒരു സദസിലേക്ക് വന്നിട്ട്... ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എന്നാൽ ഇന്ത്യ മഹാരാജ്യത്തിന്‍റെ പ്രസിഡന്‍റ് അല്ലാ, ഒരുത്തനെ ഇല്ലാതാക്കിയപ്പോള്‍ സമാധാനമായോ...’ ഇങ്ങനെ പോകുന്നു കമന്‍റുകള്‍.
കൂടാതെ നവീൻ ബാബുവിനെ കുറിച്ച് നല്ല അഭിപ്രായമുള്ളവരാണ് ജില്ല പഞ്ചായത്തിലെയും കലക്‌ടറേറ്റിലെയുമെല്ലാം ജീവനക്കാർ. ഇടത് സർവീസ് സംഘടനകൾ ദിവ്യയെ പരസ്യമായി തള്ളി പറയുന്നില്ലെങ്കിലും രഹസ്യമായി പിപി ദിവ്യക്ക് എതിരെ സംസാരിക്കുന്നുണ്ട് താനും.
കരുതലോടെ പാർട്ടി: പികെ ശ്രീമതിക്കും കെകെ ശൈലജക്കും പി സതീദേവിക്കും ശേഷം കണ്ണൂരിൽ നിന്ന് സിപിഎം ഉയർത്തിക്കൊണ്ടുവന്ന വനിത നേതാവായിരുന്നു പിപി ദിവ്യ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ പരിഗണിച്ചെങ്കിലും അവസാന നിമിഷമാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഉൾപ്പെടെയുള്ള സീറ്റിൽ വിദ്യയെ പരിഗണിക്കാൻ ഇരിക്കേയാണ് ഇടിത്തീ പോലെ വാവിട്ട വാക്ക് വന്നത്.
എഡിഎമ്മിന്‍റെ ആത്മഹത്യ വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ സിപിഎം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അടിയന്തര യോഗം ചേർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ കരുതലോടെയാണ് തള്ളിപ്പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് യാത്രയയപ്പ് യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനം മാത്രമാണെന്ന് വിലയിരുത്തിയ പാർട്ടി യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശനങ്ങൾ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും വ്യക്തമാക്കി.