എറണാകുളം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത കേസിൽ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്‌റ്റിലായ പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയുന്നതിനാണ് അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസ് ഏറ്റെടുത്ത് ഇരുപതാം ദിവസമാണ് ഇരുപത് പ്രതികൾക്കെതിരായ കുറ്റപത്രം നൽകിയത്. അതേ സമയം കേസിലെ കൂടുതൽ പ്രതികളുടെ പങ്കളിത്തം, ഗുഢാലോചനയുൾപ്പടെയുള്ള വിഷയങ്ങളിൽ അന്വേഷണം തുടരുകയാണെന്നും സി ബി ഐ വ്യക്തമാക്കുന്നു. കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയത് ഈ മാസം ആറിനാണ്. എസ്‌പി എം സുന്ദര്‍വേലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
തുടർന്ന് സിബിഐ സംഘം വെറ്റിനറി കോളജിലെത്തി പരിശോധന നടത്തുകയും, നിരവധി പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. മരിച്ച സിദ്ധാർഥിൻ്റെ പിതാവ്, കോളേജ് അധികൃതർ,സംഭവം ദിവസം കോളജിലുണ്ടായിരുന്ന വിദ്യാർഥികൾ എന്നിവരിൽ നിന്നും വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. റാഗിങിനെ തുടര്‍ന്നാണ് സിദ്ധാര്‍ഥ് മരണപ്പെട്ടതെന്നാണ് ആരോപണം.
സീനിയർ വിദ്യാർഥികൾ പരസ്യവിചാരണ നടത്തി മർദ്ദിച്ചതിന തുടർന്ന് ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നത്. അതേ സമയം സിദ്ധാർഥിനെ കൊന്നു കെട്ടി തൂക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. കുടുംബത്തിന്‍റെ ആവശ്യത്തെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.
ഫെബ്രുവരി 18ന് ആയിരുന്നു സിദ്ധാർഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: 'സിദ്ധാർത്ഥന്‍റെ മരണം ഗുരുതര സംഭവം'; മനുഷ്യത്വ രഹിതമായ ആക്രമണമെന്നും ഹൈക്കോടതി