മക്കളെ... നിങ്ങള്‍ ഇന്ന് സ്‌കൂളില്‍ പോകേണ്ട, കൊല്ലം തൊട്ടിയൂരിലെ ദിനേശിന്‍റെ പതിവില്ലാത്ത ഈ വാക്കുകള്‍ മക്കളെ ഏറെയൊന്ന് അമ്പരപ്പിച്ചു. 2024ലെ അവസാന ലോട്ടറി നറുക്കെടുപ്പിലെ ഭാഗ്യശാലിയുടെ വാക്കുകളാണിത്. നറുക്കെടുപ്പ് പൂര്‍ത്തിയായി കേരളക്കര മുഴുവന്‍ തെരഞ്ഞ ആ ഭാഗ്യശാലി താനെന്ന് ദിനേശ് ഇന്നലെ തന്നെ അറിഞ്ഞിരുന്നു. വളരെ സര്‍പ്രൈസിങ് ആയിട്ടുള്ള ഈ വിവരം അറിഞ്ഞിട്ടും മുഖത്ത് യാതൊരു ഭാവമാറ്റങ്ങളുമില്ലാതെ സുഹൃത്തിന്‍റെ മകളുടെ വിവാഹ തലേന്നിന്‍റെ ആഘോഷങ്ങളെല്ലാം കെങ്കേമമാക്കി.
വിവാഹ വീട്ടിലെ തിരക്കുകളെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയ ദിനേശ് ഉറങ്ങാന്‍ കിടന്നു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ സന്തോഷമായിരിക്കും ഉറക്കം ആ കണ്ണുകളെ തൊട്ടില്ല. രാത്രി മുഴുവന്‍ തിരിഞ്ഞും മറിഞ്ഞു കിടന്ന് നേരം വെളുപ്പിച്ചു. ഉറക്കം വരാത്തത് കൊണ്ട് തന്നെ ഇന്ന് വളരെ നേരത്തെ തന്നെ ദിനേശ് എഴുന്നേറ്റു. ഇന്നാണ് സുഹൃത്തിന്‍റെ മകളുടെ വിവാഹം. കുടുംബവുമൊത്ത് കല്ല്യാണ വീട്ടിലെത്തി. വരനെയും വധുവിനെയും അനുഗ്രഹിച്ച് സദ്യയും കഴിച്ച് എല്ലാവരോടും യാത്രയും പറഞ്ഞിറങ്ങി.
വീട്ടിലെത്തിയ ദിനേശ് ഭാര്യ രശ്‌മിയെ അടുത്ത് വിളിച്ച് ഉള്ളിലൊളിപ്പിച്ച ആ സസ്‌പെന്‍സ് അങ്ങ് തുറന്ന് പറഞ്ഞു. ഭര്‍ത്താവ് കോടിപതിയായതിന്‍റെ സന്തോഷത്തില്‍ ആ ഭാര്യ ആദ്യമൊന്ന് അന്താളിച്ചു. തുടര്‍ന്ന് മക്കളായ ധീരജിനെയും ധീരജയെയും വിളിച്ച് ഇക്കാര്യം പറഞ്ഞു. വിവരം അറിഞ്ഞ മക്കളാണെങ്കില്‍ അത് സത്യമാണോയെന്നറിയാന്‍ സ്വയം കൈകളിലൊന്ന് നുള്ളി നോക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സ്വപ്‌നമല്ല അതേ വാസ്‌തവം തന്നെ. വിവരം അറിഞ്ഞ കുടുംബത്തിന്‍റെ ഞെട്ടല്‍ വിട്ടഴിഞ്ഞതോടെ ദിനേശും ഭാര്യയും മക്കളും നേരെവിട്ടത് കൊല്ലത്തെ ജയകുമാര്‍ ലോട്ടറീസിലേക്കാണ്. അപ്പോഴേക്കും ദിനേശ് കോടിപതിയായെന്ന വിവരം നാട്ടിലാകെ കാട്ടുതീ പോലെ പടര്‍ന്നു. ജയകുമാര്‍ ലോട്ടറീസില്‍ എത്തിയ ദിനേശിന് നാട്ടുകാരെല്ലാം വര്‍ണാഭമായ വരവേല്‍പ്പാണ് നല്‍കിയത്. ദിനേശിന്‍റെ കുടുംബത്തില്‍ മാത്രമല്ല സ്വന്തം നാടായ തൊടിയൂര്‍ തഴവയിലാകെ ആഘോഷ പ്രതീതിയാണിപ്പോള്‍.
താളമേളങ്ങളുടെ അകമ്പടിയോടെയാണ് കുടുംബത്തെ ജനം വരവേറ്റത്. ജീവിതത്തില്‍ ഇതാദ്യമായല്ല ഭാഗ്യം ദിനേശിനെ തേടിയെത്തുന്നത്. സ്ഥിരമായി ഭാഗ്യപരീക്ഷണം നടത്തുന്നത് കൊണ്ട് തന്നെ 10,000 മുതല്‍ 50,000 രൂപ വരെ ദിനേശിന് ലഭിച്ചിട്ടുണ്ട്. 2019ല്‍ ഒറ്റ സംഖ്യയിലാണ് ഭാഗ്യം ദിനേശില്‍ നിന്നും അകന്നത്. എന്നാല്‍ ഇത്തവണയെങ്കിലും അത് തന്നിലെത്തണമെന്ന് ദിനേശ് ആഗ്രഹിച്ചിരുന്നു.
അതുകൊണ്ട് ഒന്നും രണ്ടുമല്ല ഇത്തവണ പത്ത് ടിക്കറ്റുകള്‍ വാങ്ങിയാണ് ഭാഗ്യം പരീക്ഷിച്ചത്. JC325526 എന്ന നമ്പറാണ് ഇക്കുറി ദിനേശിനെ തുണച്ചത്. സമ്മാനത്തുകയായ 6 കോടി 18 ലക്ഷം രൂപയും ദിനേശിന് സ്വന്തമാകും. ഏജന്‍സി കമ്മിഷനായ ഒരു കോടിയോളം രൂപയും അദ്ദേഹത്തിന് തന്നെ. ഫാമും ഒരു ചെറിയ ബിസിനസുമാണ് ദിനേശിന്‍റെ ജീവിത മാര്‍ഗം. അപ്രതീക്ഷിതമായി വീണ ഈ നറുക്ക് മുന്നോട്ടുള്ള ജീവിതത്തിന് ഏറെ സഹായകരമാകുമെന്ന് ദിനേശ് പറയുന്നു.
മാത്രമല്ല തനിക്ക് ചുറ്റുമുള്ള പാവങ്ങളെ സഹായിക്കും. കിടപ്പാടം നഷ്‌ടപ്പെട്ട നാട്ടുകാര്‍ക്കും സഹായഹസ്‌തങ്ങള്‍ നീട്ടാനും ദിനേശ് മറന്നില്ല. പണം കരുതലോടെ മാത്രം ചെലവഴിക്കുമെന്നും വീടിന് അടുത്തുള്ള ഫെഡറല്‍ ബാങ്ക് ശാഖയില്‍ പണം നിക്ഷേപിക്കുമെന്നും ദിനേശ് പറയുന്നു. ലോട്ടറി എടുത്താല്‍ മാത്രമെ അടിക്കൂ... എടുക്കാതെ പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും ദിനേശ് പറയുന്നു.