കോഴിക്കോട്: പാർട്ടി ചിഹ്നത്തിലുള്ള സ്ഥാനാർത്ഥി വരുമെന്നൊക്കെ പ്രചാരണം ഉണ്ടായിരുന്നെങ്കിലും പൊന്നാനി കഥയിൽ ട്വിസ്റ്റിട്ട് സിപിഎം. മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയ കെ.എസ്. ഹംസയെ പൊന്നാനിയിൽ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ തീരുമാനം(ks hamsa ponnani). ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്, തവനൂര്‍ എംഎല്‍എ കെടി ജലീല്‍ എന്നിവരുടെ പേരുകൾ കേട്ടിരുന്നിടത്താണ് ഹംസ അപ്രതീക്ഷിതമായി എൻട്രിയായത്. നേരത്തെ ഹുസൈൻ രണ്ടത്താണി, വി.അബ്ദുറഹിമാൻ തുടങ്ങിയവരെ സ്വതന്ത്ര സ്ഥാനാർഥികളായി സി.പി.എം. പൊന്നാനിയിൽ മത്സരിപ്പിച്ചിരുന്നു(Ponnani CPM fields K S Hamsa).
മുസ്ലിം ലീഗിനുള്ളിലെ പൊട്ടിത്തെറിക്ക് പിന്നാലെ 2023ലാണ് കെ.എസ്. ഹംസയെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരിക്കെ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചതിനാണ് കെ.എസ്.ഹംസക്കെതിരേ ആദ്യം പാർട്ടി നടപടിയുണ്ടായത്. തുടർന്ന് പാർട്ടി ചുമതലകളിൽനിന്ന് നീക്കി. ലീഗ് സംസ്ഥാന കൗൺസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഹംസ കോടതിയെ സമീപിച്ചതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ജില്ലാ കൗൺസിലുകൾ ചേരാതെ ലീഗ് സംസ്ഥാന കൗൺസിൽ ചേരുന്നുവെന്ന് ആരോപിച്ചാണ് കോടതിയെ സമീപച്ചത്. പാർട്ടിയിൽ നിന്ന് പുറത്തായതോടെ ലീഗിലേയും പോഷക സംഘടനകളിലേയും വിരുദ്ധചേരിയിലുള്ളവരെ ഹംസ കൂട്ടിയോജിപ്പിച്ചു. ഒരു ഘട്ടത്തിൽ സിപിഎമ്മിൽ എത്തുമെന്ന് വരെ പ്രതീക്ഷിച്ചു. ഒടുവിൽ നവകേരള സദസ്സിലും പങ്കെടുത്ത് മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റി, പിന്നാലെ സ്ഥാനാർത്ഥിത്വവും(election 2024).
തൃശൂർ ചെറുതുരുത്തി സ്വദേശിയായ ഹംസ പ്രവർത്തന മികവ് കൊണ്ട് പഞ്ചായത്തു തൊട്ട് സംസ്ഥാന തലം വരെ അതിവേഗം വളർന്ന നേതാവാണ്. ലീഗിലെ ഓർഗനൈസിംഗ് സെക്രട്ടറി പദവിയും അതിന് ഉദാഹരണമാണ്. തൃശ്ശൂരിലെ മലബാർ എൻജിനിയറിങ് കോളജിന്‍റെയും ഇഖ്റാ എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും ചെയർമാനാണ് കെ.എസ്. ഹംസ. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള അറഫ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളും ബി.എഡ്. കോളജും പ്രവർത്തിക്കുന്നുണ്ട്. ഭാര്യയും നാല് മക്കളുമുണ്ട്. കോൺഗ്രസിൽ നിന്നും ലീഗിൽ നിന്നുമെല്ലാം ഇടത് പാളയത്തിലെത്തി ഞെട്ടിച്ച ടി കെ ഹംസക്കും കെ ടി ജലീലിനും വി അബ്ദുറഹിമാനും പിന്നാലെ കെ എസ് ഹംസയും പൊന്നാനിയിൽ മിന്നൽ പിണറാകുമോ എന്നാണ് ഇനി അറിയേണ്ടത്.