തിരുവനന്തപുരം: മേയറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ നേമം സ്വദേശി യദുവിനെതിരെ അറസ്റ്റ് ചെയ്യാൻ തക്കതായ ഒരു ക്രിമിനൽ കേസും നിലവിലില്ലെന്ന് പൊലീസ്. യദു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് നൽകിയ റിപ്പോർട്ടിലാണ് ഇങ്ങനെ പറയുന്നത്. ഇതോടെ മുൻകൂർ ജാമ്യാപേക്ഷ കോടതി അവസാനിപ്പിച്ചു.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മേയർക്കെതിരെ പ്രതികരിച്ചു എന്ന കാരണത്താൽ സിപിഎം സഹായത്തോടെ മലയിൻകീഴ് പൊലീസ് തനിക്കെതിര കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുവാൻ ശ്രമിക്കുകയാണ് എന്ന സാഹചര്യം നിലവിൽ ഉള്ളത് കൊണ്ടാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത് എന്നാണ് ഹർജിയിൽ പറയുന്നത്.
ALSO READ: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം യദുവിനെതിരെ മേയർ രഹസ്യ മൊഴി നൽകിയിരുന്നു. അതേസമയം മേയര്‍ ആര്യ രാജേന്ദ്രന്‍, ബാലുശ്ശേരി എംഎല്‍എ കെഎം സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ അരവിന്ദ് എന്ന നന്ദു, അരവിന്ദിന്‍റെ ഭാര്യ ആര്യ, കണ്ടാലറിയാവുന്ന യുവാവ് അടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുക്കാന്‍ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അഭിനിമോള്‍ എസ് രാജേന്ദ്രനാണ് കന്‍റോണ്‍മെന്‍റ് പൊലീസിനോട് കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്.