കോഴിക്കോട് : പെരുവട്ടൂരിൽ സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. ക്ഷേത്രത്തിന് തൊട്ടടുത്ത പറമ്പിൽ നിന്നാണ് നേർത്ത മൂർച്ചയേറിയ കറുത്ത പിടിയുള്ള കത്തി കണ്ടെത്തിയത്. എടച്ചേരി സ്റ്റേഷനിൽ വച്ചുള്ള ചോദ്യം ചെയ്യലിൽ പ്രതി അഭിലാഷ് ആയുധം ഉപേക്ഷിച്ച സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരം നൽകിയിരുന്നു.
ഇത് പ്രകാരം നടത്തിയ തെരച്ചിലാണ് കത്തി കണ്ടെത്തിയത്. പ്രതി അഭിലാഷിനെ ഉടൻ കോടതിയിൽ ഹാജരാക്കും. കൊയിലാണ്ടി സിഐ മെൽബിൻ ജോസിന്‍റെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തി ആയുധം കണ്ടെത്തിയത്.
സത്യനാഥന്‍റെ കൊലപാതകം അന്വേഷിക്കാന്‍ 14 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് ഐപിഎസിന്‍റെ മേൽനോട്ടത്തിൽ പേരാമ്പ്ര ഡിവൈഎസ്‌പി ബിജു, വടകര ഡിവൈഎസ്‌പി കെ.എം സജേഷ് വാഴാളപ്പിൽ, കൊയിലാണ്ടി സ്റ്റേഷൻ എസ്‌എച്ച്ഒ മെൽബിൻ ജോസ് എന്നിവരും അഞ്ച് സബ് ഇൻസ്പെക്‌ടർമാരും രണ്ട് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർമാർ, രണ്ട് സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ, രണ്ട് സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരും ഉൾപ്പെടുന്ന അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
ഇന്നലെ(22-02-24) രാത്രി പത്ത് മണിയോടെയാണ് സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പെരുവട്ടൂർ പുളിയോറ വയലിൽ പി വി സത്യനാഥൻ (62) വെട്ടേറ്റ് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപ്പുറം പരദേവത ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെയാണ് സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമായ പെരുവട്ടൂർ പുറത്തോന അഭിലാഷ് (33) സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തുന്നത് (CPM Leader stabbed to death).
സത്യനാഥന്‍റെ ശരീരത്തിൽ നാലിലധികം വെട്ടേറ്റിരുന്നു. ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്.
കൊലപാതകത്തിന് പിന്നാലെ പ്രതി അഭിലാഷ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. രാഷ്ട്രീയ വിഷയത്തെ തുടര്‍ന്നുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. പല വിഷയങ്ങളും പറഞ്ഞ് പരത്തി തന്നെ ഒതുക്കാൻ ശ്രമിച്ചു എന്ന് അഭിലാഷ് പൊലീസിനോട് പറഞ്ഞു.
ഇരുവരും അയല്‍ക്കാരാണ്. സത്യനാഥനെ കൊല്ലുമെന്ന് അഭിലാഷ് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാരും പറയുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയിലും സമീപത്തെ നാല് പഞ്ചായത്തുകളിലും സിപിഎം ഹർത്താൽ ആചരിച്ചു.
Also Read: 'അഭിലാഷിന് സത്യനാഥനോട് വൈരാഗ്യമുണ്ടായിരുന്നു' ; പ്രതികരിച്ച് നാട്ടുകാര്‍