കൊല്ലം: ആശ്രാമം മൈതാനത്തിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ എണ്‍പതുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ ക്വട്ടേഷനിലാണ് ആശ്രാമം സ്വദേശി പാപ്പച്ചൻ കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. പാപ്പച്ചൻ്റെ സ്ഥിര നിക്ഷേപമായ, എൺപത് ലക്ഷത്തിലധികം വരുന്ന പണം തട്ടാനായിരുന്നു കൊലപാതകം.
ബിഎസ്‌എൻഎല്ലില്‍ ഉന്നത തസ്‌തികയിലിരുന്ന് വിരമിച്ച പാപ്പച്ചൻ ഇക്കഴിഞ്ഞ മേയ് ഇരുപത്തിമൂന്നിനാണ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ചത്. സംഭവം റോഡ് അപകടമാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുവേയാണ് സംഭവ സമയത്തെ നൂറിലധികം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ഒടുവിൽ വാഗനാർ കാറാണ് അപകടമുണ്ടാക്കിയതെന്ന് കണ്ടെത്തി.
ഇതിൻ്റെ ഉടമയെ കണ്ടെത്തിയതോടെ വാഹനം വാടകയ്ക്ക് എടുത്തത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനിമോനാണെന്ന് വ്യക്തമായി. തുടര്‍ന്ന് അനിമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനിമോൻ നൽകിയ നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തെ ഞെട്ടിച്ചത്.
19 ലക്ഷം രൂപയുടെ ക്വട്ടേഷനായിരുന്നു ഈ കൊലപാതകം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ അനൂപ്, സരിത എന്നിവരാണ് ക്വട്ടേഷൻ നൽകിയത്. അനിമോൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് വലിയ തുകകൾ അനൂപ് നൽകിയതായും പൊലീസ് കണ്ടെത്തി.
പാപ്പച്ചൻ്റെ സ്ഥിര നിക്ഷേപത്തിൽ തിരിമറികൾ നടന്നിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചു. പാപ്പച്ചനെ കൊലപ്പെടുത്തിയാൽ പൂർണമായും തുക തട്ടിയെടുക്കാമെന്ന് സരിതയും അനൂപും കരുതി. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്. കൊലപാതകം നടത്താൻ അനിമോനെ സഹായിച്ച മാഹീൻ, ഹാഷിം, എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.