തിരുവനന്തപുരം: ഭൂമി വില്‍പ്പന വിവാദത്തിൽ ഡിജിപിക്കെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതി ലഭിച്ചതിനെ തുടർന്നാണ് അഡിഷണൽ ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. പരാതിക്കാരനായ ഉമർ ഷരീഫിൽ നിന്നും പൊലീസ് രേഖകൾ ശേഖരിച്ചു.
അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ പണം കൈമാറ്റം നടന്നതിനാൽ വിഷയത്തിൽ ആദായ നികുതി വിഭാഗവും അന്വേഷണം നടത്തുമെന്നാണ് സൂചന. ബാധ്യതയുള്ള ഭൂമി വിൽപ്പന നടത്താൻ ശ്രമിച്ചാണ് ഡിജിപി വെട്ടിലായത്.
ഡിജിപി ഷെയ്ക്ക് ദർവേശ് സാഹിബിൻ്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഭൂമി കോടതി ജപ്‌തി ചെയ്‌തിരുന്നു. 10.8 സെന്‍റ് ഭൂമിയാണ് ജപ്‌തി ചെയ്‌തത്. 26 ലക്ഷത്തിൻ്റെ വായ്‌പ ബാധ്യത മറച്ചുവച്ചായിരുന്നു ഭൂമി വിൽപ്പന നടത്താൻ ശ്രമിച്ചത്.
പലപ്പോഴായി ഡിജിപി 30 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്‌തിരുന്നു. 74 ലക്ഷം രൂപയുടെതായിരുന്നു കരാർ. ഭൂമിക്ക് ബാധ്യതയുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. അതിനിടയില്‍, അഡ്വാൻസ് വാങ്ങിയ പണം പരാതിക്കാരന് തിരികെ നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
Also Read: വായ്‌പ ബാധ്യതയുളള സ്ഥലം വില്‍ക്കാന്‍ ശ്രമം; സംസ്ഥാന പൊലീസ് മേധാവിയുടെ ഭൂമി ജപ്‌തി ചെയ്‌തു