എറണാകുളം : വടകരയിലെ വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ കേസ് ഡയറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് പൊലീസ്. കേസിൽ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് പ്രതിയും ഹർജിക്കാരനുമായ യൂത്ത് ലീഗ് നേതാവ് മുഹമ്മദ് ഖാസിം, അധിക സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് ആദ്യം സമർപ്പിച്ച റിപ്പോർട്ട് ഹർജിക്കാരന്‍റെ വാദങ്ങളെ നീതീകരിക്കുന്നതല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
പിന്നെ എന്തിനാണ് അന്വേഷണ സംഘത്തെ മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. കേസിൽ മതസ്‌പർധ, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയില്ലെന്ന് ഖാസിം ചൂണ്ടിക്കാട്ടി. മുഹമ്മദ് ഖാസിമിനെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഖാസിമിന് ഒമ്പത് സിം കാർഡുകളുണ്ട്. ഇത് ഉപയോഗിച്ച് ഏതൊക്കെ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിൽ അംഗമാണെന്ന കാര്യം പരിശോധിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ട വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളെ കുറിച്ചും ഫേസ്ബുക്ക് പേജുകളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ മെറ്റ കമ്പനിയിൽ നിന്നും തേടിയിട്ടുണ്ട്.
എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു. കോടതി നിർദേശപ്രകാരം കേസ് ഡയറി പൊലീസ് ഹാജരാക്കി. ഹർജി ഈ മാസം 29ന് കോടതി വീണ്ടും പരിഗണിക്കും.