തിരുവനന്തപുരം: കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. എആർ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ റിയാസിനാണ് കമ്പിവടി കൊണ്ട് മര്‍ദനമേറ്റത്. കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ (മെയ് 12) രാത്രിയാണ് സംഭവം.
ഉത്സവത്തിന്‍റെ അവസാന ദിനമായിരുന്നു ഇന്നലെ. ഉത്സവത്തിന് അനുവദിച്ച സമയത്തിന് ശേഷവും പരിപാടി നടത്തിയതിനെ തുടർന്ന് രാത്രി 11 മണിയോടെ പൊലീസ് സ്ഥലത്തെത്തി പരിപാടി അവസാനിപ്പിക്കാൻ നിർദേശം നൽകി. പൊലീസ് സ്ഥലം വിട്ടതിന് പിന്നാലെ വീണ്ടും പരിപാടികള്‍ തുടര്‍ന്നു. ഇതോടെ വീണ്ടും സ്ഥലത്തെത്തിയ പൊലീസ് പരിപാടി നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ടു.
ഇതോടെ സ്ഥലത്തുണ്ടായിരുന്ന ജനങ്ങള്‍ പൊലീസിനെ അസഭ്യം വിളിക്കുകയും ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥനെ മര്‍ദിക്കുകയുമായിരുന്നു. ഇതോടെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പൊലീസും യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കമ്പിവടി കൊണ്ട് ഉദ്യോഗസ്ഥന്‍റെ തലയ്‌ക്ക് അടിയ്‌ക്കുകയും ചെയ്‌തു. മര്‍ദനത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു.