ഇടുക്കി: ഇരട്ടയാറില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പോക്‌സോ കേസ് അതിജീവിതയുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്. മരിച്ച പതിനെട്ടുകാരിയുടെ പോസ്‌റ്റ്‌മോര്‍ട്ടം ഇന്ന് (മെയ് 15) നടക്കും. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് ഇടുക്കി എസ്‌പി ടികെ വിഷ്‌ണു പ്രദീപ് പറഞ്ഞു.
അതേസമയം താന്‍ മരിക്കുമെന്ന് പെണ്‍കുട്ടി ബെംഗലൂരുവിലെ സുഹൃത്തിന് സന്ദേശം അയച്ചതിന്‍റെ തെളിവുകള്‍ മൊബൈലില്‍ നിന്നും പൊലീസ് കണ്ടെത്തി. സന്ദേശം ലഭിച്ച സുഹൃത്ത് നിരവധി തവണ പെണ്‍കുട്ടിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇലാസ്‌റ്റിക് ബെല്‍റ്റ് കഴുത്തില്‍ പലതവണ ചുറ്റിയതായി ഇന്‍ക്വസ്‌റ്റില്‍ പൊലീസ് കണ്ടെത്തി. ഇതായിരിക്കാം മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.