കണ്ണൂർ : പികെ കുഞ്ഞനന്തന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കെഎം ഷാജിയുടെ ആരോപണത്തിനെതിരെ മകൾ ഷബ്‌ന. കെഎം ഷാജിയുടെ ആരോപണം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തന്ത്രമാണെന്ന് ഷബ്‌ന ഫേസ്ബുക്കില്‍ കുറിച്ചു. അച്ഛനെ കൊന്നത് യുഡിഎഫ് ഭരണകൂടമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
യുഡിഎഫിന്‍റെ കാലത്ത് മതിയായ ചികിത്സ നല്‍കിയിരുന്നില്ല. വയറ്റില്‍ അള്‍സര്‍ ഗുരുതരമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോഴാണ് ചികിത്സ ലഭിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വെപ്രാളത്തിലാണ് ഷാജിയുടെ പ്രസ്‌താവന. ലോക്‌സഭ തെരഞ്ഞെടുപ്പുവരെ അവര്‍ ഇത് നിലനിര്‍ത്തുമെന്നും ഷബ്‌ന പറഞ്ഞു.
ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തില്‍ (T P Chandrasekharan Murder Case) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍റെ മരണത്തിൽ (CPM leader PK Kunjananthan death) ദുരൂഹതയുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി (KM Shaji) മലപ്പുറത്ത് ഒരു പൊതുസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്‍മേല്‍ വിവാദം കത്തിപ്പടരുകയാണ്.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം : 'മോനേ KM ഷായീ ആ വെള്ളമങ്ങ് മറിച്ചേക്ക്. UDF ഭരണകൂടം കൃത്യമായ ചികിത്സ നൽകാത്തതിനാൽ അസുഖം മൂർഛിച്ചത് കാരണമാണ് അച്ഛൻ മരണപ്പെട്ടത്. അച്ഛനെ കൊന്നത് UDF ഭരണകൂടമാണ്'.
സിപിഎമ്മിനെ കടന്നാക്രമിച്ച് കെ എം ഷാജി: ടി പി കൊലക്കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. ജയിലിൽ വച്ച് ഭക്ഷ്യ വിഷബാധയേറ്റാണ് കുഞ്ഞനന്തൻ മരിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം (KM Shaji on CPM leader PK Kunjananthan's death). രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ സിപിഎം കൊല്ലും. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ എം ഷാജി പറഞ്ഞു.
ഫസൽ കൊലക്കേസിലെ മൂന്ന് പേരെ കൊന്നത് സിപിഎം ആണ്. അരിയിൽ ഷുക്കൂർ കൊലക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയതിലും ദുരൂഹതയുണ്ടെന്ന് കെഎം ഷാജി ആരോപിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലിം ലീഗ് മുനിസിപ്പൽ സമ്മേളന വേദിയിൽവച്ചാണ് കെ എം ഷാജി സിപിഎമ്മിനെ കടന്നാക്രമിച്ചത്.